കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ എം.എസ് .മണി അന്തരിച്ചു.

144

തിരുവനന്തപുരം: കുറച്ചു നാളായി രോഗബാധിത നായി ചികിത്സയിലായിരുന്ന കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായ എം.എസ് .മണി ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ച് മരണപ്പെട്ടു. 79 വയസ്സായിരുന്നു അദ്ദേഹത്തിന്.

കേരളകൗമുദി’ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബർ നാലിന് കൊല്ലം ജില്ലയിൽ എം. എസ്. മണി ജനിച്ചു. ഒരു ആനുകാലിക പ്രസിദ്ധീകരണമായി ‘കേരളകൗമുദി’ ആരംഭിച്ച മുത്തച്ഛൻ സി.വി. കുഞ്ഞുരാമന്റെ സ്‌നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തിൽ വീട്ടിലായിരുന്നു ബാല്യം ചെലവഴിച്ചത്. സിവിയുടെ ഇളയ സഹോദരി ഗൗരിക്കുട്ടിയും അദ്ദേഹത്തിന്റെ അനന്തരവൾ സി. എൻ. സുഭദ്രയുമായിരുന്നു അന്ന് പാട്ടത്തിൽ വീട്ടിൽ താമസിച്ചിരുന്നത്.

നാലര വയസായപ്പോൾ മണിയെ മാതാപിതാക്കൾ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവന്നു. പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പഴയ ഇന്റർമീഡിയറ്റ് കോളേജിൽ (ഇപ്പോഴത്തെ ഗവ. ആർട്സ് കോളേജ്) നിന്ന് പ്രീ – യൂണിവേഴ്സിറ്റി പാസായ ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.

ജവഹർലാൽ നെഹ്റു നേതൃത്വം വഹിച്ച 1962-ലെ കോൺഗ്രസിന്റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം വഹിച്ച ബംഗളൂരു എ.ഐ.സി.സി സമ്മേളനം എന്നിവ റിപ്പോർട്ടു ചെയ്തതും എം. എസ്. മണിയാണ്. കേരളത്തിലെ ടൈറ്റാനിയം സമ്പത്ത് സ്വകാര്യമേഖലയിലൂടെ ജപ്പാന് നൽകാൻ വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് നടത്തിയ ശ്രമങ്ങൾ പുറത്ത് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഇതേതുടർന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം മന്ത്രിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതമായി.

കെ. ആർ. നാരായണൻ രാഷ്ട്രപതിയായി രുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം നടത്തിയ മണി മൊറാർജി ദേശായി പ്രധാനമന്ത്രി യായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം പഴയ സോവിയറ്റ് യൂണിയനിലെ മോസ്‌കോ, താഷ്‌കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസ്ളാവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ – പൂർവ ജർമ്മനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാരുടെ ക്ഷണപ്രകാരം ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവ്വേ, ഡെന്മാർക്ക്, തായ്‌വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.

കേരളകൗമുദിയുടെ എഡിറ്ററായി 1969-ൽ ചുമതലയേറ്റ എം.എസ്. മണിയാണ് ‘മൺഡേ മാഗസിൻ’ തുടങ്ങിയ പുതിയ മാഗസിൻ സംസ്‌കാരം മലയാള പത്രങ്ങളിൽ കൊണ്ടുവന്നത്. ഞായറാഴ്ചപ്പതിപ്പുകൾ അക്കാലത്ത് മലയാള പത്രങ്ങൾക്കില്ലായിരുന്നു. അതിന്റെ തുടക്കമായി മാറിയ ‘കേരളകൗമുദി മൺഡേ മാഗസിൻ’ അക്കാലത്തെ പ്രധാന ചർച്ചാവിഷയമായിരുന്നു. ഞായറാഴ്ച അവധിയായിരുന്ന സ്ഥിതി മാറ്റി കേരളകൗമുദി ഏഴുദിന പത്രമാക്കി മാറ്റിയതിനു പിന്നിലും ഇദ്ദേഹമായിരുന്നു

അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകാരണ ങ്ങളാൽ കേരളകൗമുദിയിൽ നിന്ന് പുറത്തു പോകേണ്ടിവന്ന എം. എസ്. മണി ‘കലാകൗമുദി’ വാരിക ആരംഭിച്ചു. മലയാളിയുടെ ചിന്താധാരയെ സ്വാധീനിച്ച ആ പ്രസിദ്ധീകരണം വലിയൊരു പ്രസിദ്ധീകരണ ശൃംഖലയായി വളർന്നു. ആറ് പ്രസിദ്ധീകരണ ങ്ങൾ ഇപ്പോൾ ‘കലാകൗമുദി’ കുടുംബത്തിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. മുംബയിൽ നിന്ന് 1990ൽ മലയാളത്തിൽ ആരംഭിച്ച ‘കലാകൗമുദി’ ദിനപത്രം കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമെന്ന ഖ്യാതിയും സ്വന്തമാക്കി.

അമേരിക്കയിലെ ഗ്രാന്റ് കാനിയനെ വർണിക്കുന്ന ‘സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു’ (1970) എന്ന യാത്രാവിവരണ മാണ് മണിയുടെ ആദ്യ കൃതി. കേരള സർക്കാരിന്റെ അറിവോടെ കോട്ടയത്തെ ക്രൈസ്തവ പ്രമാണികൾ വനം കൊള്ളയടിച്ചത് തുറന്നുകാട്ടിയ ‘കാട്ടുകള്ളന്മാർ’ (1974) ആണ് രണ്ടാമത്തെ പുസ്തകം. കാട്ടുകള്ളന്മാർക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിന്റെ രേഖകൾ ഉദ്ധരിച്ച ഈ റിപ്പോർട്ട് മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവർത്തനശാഖയുടെ തുടക്കമായി വിലയിരുത്തപ്പെടുന്നു.

ഭരണകക്ഷിയായ കോൺഗ്രസിൽ ഈ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുണ്ടായതിനെ തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കേരളകൗമുദിക്കെതിരെ സർക്കാർ കൊടുത്ത കേസ് പിൻവലിപ്പിച്ചത്. ശിവഗിരി ചവിട്ടിപ്പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത ദുഷ്ടശക്തികളെ നിലംപരിശാക്കുന്നതിനും ശിവഗിരിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിനും നടത്തിയ ആ ശ്രമങ്ങളുടെ പൂർണവിവരങ്ങൾ ഉൾക്കൊള്ളുന്ന ശിവഗിരിക്കുമുകളിൽ തീമേഘകൾ (1995) എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ. ‘കേരളകൗമുദി’ ചീഫ് എഡിറ്റർ ദീപു രവി സഹോദര പുത്രനാണ്. സംസ്കാരം ഇന്ന് വെെകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്‌റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കേരള കൗമുദി മുൻ ചീഫ് എഡിറ്ററായിരുന്ന സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ.

NO COMMENTS