എന്‍മകജെയിലെ രാമ നായ്ക്കിന് ഇനി പുതിയ സ്വപ്നങ്ങള്‍ കാണാം

69

കാസർകോട് :അശാസ്ത്രീയമായ എന്‍ഡോസള്‍ ഫാന്‍ പ്രയോഗത്തിലൂടെ ഒരു കാലത്ത് ദുരന്തഭൂമിയായിരുന്ന എന്‍മകജെ ഇന്ന് പ്രതീക്ഷ യുടെ പ്രതീകമാണ്. ലൈഫ്മിഷന്‍ ഭവന പദ്ധതിയിലൂടെ ഹോട്ടല്‍ തൊഴിലാളിയായ രാമനായ്ക്ക് ലഭിച്ചത് സുരക്ഷിതമായുറങ്ങാന്‍ വീടെന്ന സ്വപ്ന സാഫല്യമാണ്. എന്‍മകജെ വില്ലേജിലെ ശാന്തിഗിരിയില്‍ ലൈഫ് മിഷനിലൂടെ ലഭിച്ച വീട്ടിലിരുന്ന് ഈ കുടുംബത്തിന് ഇനി പുതിയ സ്വപ്നങ്ങള്‍ കാണാം.

ഭാര്യയും രണ്ട് പെണ്‍മക്കളും വാര്‍ധക്യ സഹജമായ പ്രശ്നങ്ങളാല്‍ പ്രതിസന്ധിയിലായ പിതാവ് കൃഷ്ണ നായ്ക്കുമടങ്ങുന്ന രാമനായ്ക്കിന്റെ കുടുംബം നേരത്തെ ചെറിയൊരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ ദ്രവിച്ചിരുന്ന ഷെഡ് ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന സ്ഥിതിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി വെളിച്ചവുമായി ഈ കുടുംബത്തിന് മുന്നിലെത്തുന്നത്. പട്ടിക വര്‍ഗമായ മറാഠി വിഭാഗത്തില്‍ പെടുന്ന ഈ കുടുംബത്തിന് ലൈഫ് മിഷന്റെ ഭാഗമായി ആറ് ലക്ഷമാണ് ലഭിച്ചത്. ഈ തുക ഉപയോഗിച്ച് തന്റെ ആറു സെന്റ് ഭൂമിയില്‍ പഞ്ചായത്തില്‍ തന്നെ ആദ്യമായി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത് ഇദ്ദേഹമായിരുന്നു.

എന്‍മകജെ 2018 മെയില്‍ ആരംഭിച്ച വീട് നിര്‍മാണം 2019 ഡിസംബറോടെ പൂര്‍ത്തിയാക്കിയിരുന്നു. പഠനം നടത്തുന്ന തന്റെ പെണ്‍മക്കളുമായി പുതിയ ജീവിത സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ ലൈഫ് മിഷന്‍ ഭവനം ഏറെ ഊര്‍ജം നല്‍കുന്നുവെന്നും ഇതിന് സര്‍ക്കാരിനോട് അതിയായ കടപ്പാടുണ്ടെന്നും അദ്ദേഹം കന്നഡ കലര്‍ന്ന മലയാളത്തില്‍ പറയുന്നു.

NO COMMENTS