ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന്.ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സ വത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കു ന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം.
പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖല കളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കു ന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാ മത്ത് റോഡുകള്‍ വിഭാഗത്തിനും കെ. എസ്. ഇ. ബിയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി.
തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈല്‍ ടോയ്ലെറ്റുകള്‍, വാട്ടര്‍ടാങ്കുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്സൈസിന്റെയും പരിശോ ധനകള്‍ കര്‍ശനമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണ വിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലെന്നപോലെ വിപുലമായ ഒരുക്കങ്ങ ളാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ ഫെബ്രുവരി 17 മുതല്‍ 23 വരെ, 600 പോലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതല്‍ 26 വരെ മൂവായിരം പോലീസുകാരെയും വിന്യസിക്കും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും.
ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കല്‍ ടീമും 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും.
ഉത്സവമേഖലകളിലെ കെ.എസ്.ഇ.ബി ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും. തട്ടുകടകള്‍ക്ക് ലൈസന്‍സും അന്നദാനം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷനും നിര്‍ബന്ധമായിരിക്കും.
കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധി ക്കുന്നതിന് മൊബൈല്‍ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കും.
ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ലീഗല്‍മെട്രോളജി സ്പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധനകള്‍ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
അട്ടക്കുളങ്ങര-തിരുവല്ലം റോഡിന്റെ ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡുകള്‍ വിഭാഗം അറിയിച്ചു. നാല് സോണുകളായി തിരിഞ്ഞാണ് അഗ്‌നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. അഞ്ച് ആംബുലന്‍സുകളുള്‍പ്പെടെ അഗ്‌നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ക്ഷേത്രപരിസരത്ത് എക്സൈസിന്റെ കണ്‍ട്രോള്‍ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുന്‍പ് തന്നെ പോലീസുമായി ചേര്‍ന്ന് ഉത്സവപ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ തുടര്‍ യോഗങ്ങള്‍ ചേരും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണന്‍, ഉത്സവമേഖലകളായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ്.ജെ, ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നോഡല്‍ ഓഫീസര്‍ ചുമതലയുള്ള സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വേണുഗോപാല്‍ എസ്, സെക്രട്ടറി കെ.ശരത് കുമാര്‍, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.