അനിതയുടെ പ്രണയപാചകം

393

anitha

ലേഡീസ്‌ കൂപ്പെ, ദ്‌ ബെറ്റർമാൻ, മിസ്‌ട്രസ്‌ തുടങ്ങിയ നോവലുകളിലൂടെ ഇന്തോ ഇംഗ്ളീഷ്‌ സാഹിത്യലോകത്ത്‌ വേറിട്ട ഒരിടം സ്വന്തമാക്കിയ എഴുത്തുകാരിയാണ്‌ അനിതാ നായർ. ഇംഗ്ളീഷിൽ എഴുതുമ്പോഴും സ്വന്തം മനസ്സിന്റെ മലയാളിത്തം കൈവിടാതെ സൂക്ഷിക്കുന്ന ഈ മുണ്ടക്കോട്ടുകുറിശിക്കാരിയുടെ പുതിയ നോവലായ ‘ആൽഫബെറ്റ്‌ സൂപ്പ്‌ ഫോർ ലവേഴ്‌സി’ന്റെ മലയാള പരിഭാഷയായ ‘പ്രണയപാചകം’ മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു.
പ്രണയത്തിന്റെ വ്യത്യസ്തരുചികൾ അനുഭവ വേദ്യമാക്കുന്ന നോവൽ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തിരിക്കുന്നത്‌ സ്മിത മീനാക്ഷിയാണ്‌. പ്രണയപാചകം എന്ന നോവലിനെക്കുറിച്ചും തന്റെ എഴുത്തുവഴികളെക്കുറിച്ചും അനിതാ നായർ സംസാരിക്കുന്നു

anitha nair

പ്രണയപാചകം (Alphabet soup for Lovers) എഴുതാൻ പ്രത്യേക സാഹചര്യമുണ്ടായിരുന്നു. 2014 ഏപ്രിലിലാണ്‌ ഞാൻ മറ്റൊരു നോവലിന്റെ ഗവേഷണം ആരംഭിച്ചത്‌. നിർബന്ധിത വേലയ്ക്കും ലൈംഗികചൂഷണത്തിനുമായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന അതീവ ഗുരുതരമായ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഗവേഷണം ഇതിനായി ചെയ്ത യാത്രകൾ, സന്ദർശിച്ച സ്ഥലങ്ങൾ, കണ്ടുമുട്ടിയ കുട്ടികൾ, സാമൂഹിക പ്രവർത്തകർ എന്നിവയൊക്കെ എന്നെ വല്ലാത്ത മാനസികാവസ്ഥയിൽ എത്തിച്ചു. ഞാൻ വല്ലാതെ അസ്വസ്തയായിരുന്നു. സങ്കടം, ദേഷ്യം തുടങ്ങിയ കുറേ ഭാവങ്ങളായിരുന്നു ആ സമയത്ത്‌ എന്റെ മനസ്സിൽ നിറഞ്ഞിരുന്നത്‌.
ഇദ്രിസ്‌ എന്ന നോവലിന്റെ പ്രചാരണാർത്ഥം ഇറ്റലിയിലെത്തിയ എന്നോട്‌ ഭക്ഷണം പ്രമേയമായി വരുന്ന കൃതി എഴുതണമെന്ന്‌ ഇറ്റാലിയൻ പ്രസാധകർ ആവശ്യപ്പെട്ടു. രസകരമായ വിഷയമായിരുന്നെങ്കിലും ആരെങ്കിലും നിർബന്ധിച്ചതുകൊണ്ടുമാത്രം എഴുതാൻ കഴിയില്ലായിരുന്നു. മനസ്സിൽ അങ്ങനെ ഒരു തോന്നലുണ്ടാവുക എന്നത്‌ എന്നെ സംബന്ധിച്ച്‌ ഏറെ പ്രധാനമാണ്‌. ആ ആശയത്തിന്‌ ഏതു രൂപം കൊടുക്കണം എന്നതും എന്റെ തീരുമാനമാണ്‌. ആ സമയത്ത്‌ മനസ്സ്‌ വളരെ ക്ലേശകരമായ ഒരു അവസ്ഥയിലായിരുന്നു.
ഒരു മാറ്റം ഞാൻ ആഗ്രഹിച്ചിരുന്നതുകൊണ്ട്‌ ഇറ്റാലിയൻ പ്രസാധകരുടെ നിർദേശം ഗൗരവമായെടുത്തു. മാനസിക സമ്മർദ്ദങ്ങളൊന്നുമില്ലാതെ ലളിതമായി ഒരു കൃതി എഴുതണമെന്ന്‌ തീരുമാനിച്ചു. ഒരു വ്യത്യസ്തമായ പ്രണയകഥ എപ്പോഴെങ്കിലും എഴുതണമെന്നും ആഗ്രഹിച്ചിരുന്നു. ഈ ഘട്ടത്തിലാണ്‌ ആൽഫബെറ്റ്‌ സൂപ്പ്‌ ഫോർ ലവേഴ്‌സ്‌ എന്ന പുസ്തകം എഴുതിത്തുടങ്ങുന്നത്‌. ഈ നോവലിന്റെ മെറ്റഫർ ഭക്ഷണവും രൂപകല്പന ഇംഗ്ളീഷ്‌ അക്ഷരമാലയും ഭാവം പ്രണയവുമാണ്‌.
ഇദ്രിസിന്റെ ചരിത്രപശ്ചാത്തലത്തിൽ നിന്നും ലെനയുടെയും ഗോമതിയുടെയും രുചിവഴികളിലേക്ക്‌ എങ്ങനെ എത്തിച്ചേർന്നു?
ഗവേഷണത്തിനും രചനയ്ക്കുമായി ആറു വർഷത്തിലേറെക്കാലം ഞാൻ ചെലവഴിച്ച ഒരു കൃതിയാണ്‌ ഇദ്രിസ്‌. ഇത്രയധികം കാലം ഒരു കഥാപാത്രത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ അവർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും പക്ഷേ ഒരു കാല്പനിക കഥാപാത്രമായ ഇദ്രിസിനെ ഇങ്ങനെ മനസ്സിൽ കൊണ്ട്‌ നടക്കുന്നത്‌ എനിക്ക്‌ ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ്‌ ഇറ്റാലിയൻ പ്രസാധകരുടെ നിർദേശത്തിന്റെ വെളിച്ചത്തിൽ ഞാൻ പുതിയ നോവലിന്റെ രചന ആരംഭിക്കുന്നത്‌.
ഇതിലെ ലെനയെന്ന കഥാപാത്രം ആദ്യം മുതൽ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ലെനയുടെയും ശൂലപാണിയുടെയും പ്രണയകഥ സാധാരണ നോവലിലെപ്പോലെയാവരുതെന്ന്‌ നിർബന്ധമുണ്ടായിരുന്നു. അപ്പോഴാണ്‌ ഗോമതിയെന്ന കഥാപാത്രം കടന്നുവരുന്നത്‌. ഒരർത്ഥത്തിൽ ഈ കഥയെ മുന്നോട്ടുനയിക്കുന്ന ഊർജ്ജസ്വലയായ കഥാപാത്രമാണ് ഗോമതി.
അനുഭവസമ്പത്തും സാമാന്യബുദ്ധിയും കൈമുതലായുള്ള സാധാരണക്കാരിയാണ്‌ ഗോമതിയെങ്കിൽ നാഗരിക ജീവിതത്തിന്റെ വിരസതയും അനിശ്ചിതത്വവും നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്‌ ലെന. ഇദ്രിസിൽനിന്ന്‌ ഏറെ വ്യത്യസ്തമായ രണ്ടു വ്യക്തികളാണ്‌ ‘പ്രണയപാചക’ത്തിലെ ലെനയും ഗോമതിയും.
ഭക്ഷണം, അക്ഷരമാല, പ്രണയം, ഇൗയൊരു മിശ്രിതം ബോധപൂർവം ചെയ്തതാണോ?
അതെ, മുൻപ്‌ സൂചിപ്പിച്ചതുപോലെ ഇതിലെ മെറ്റഫറായ ഭക്ഷണത്തെ രൂപഘടനയായ അക്ഷരമാലയുമായി എങ്ങനെ ബന്ധിപ്പിക്കും എന്നതായിരുന്നു നോവൽ രചനയിലെ ആദ്യവെല്ലുവിളി. ഒരു പാചകക്കാരിക്ക്‌ കൈമുതലായുള്ള പാചകവിദ്യയെന്ന കലയിലൂടെയാണ്‌ ഇൗ കഥ പറഞ്ഞുവരുന്നത്‌.
മിസ്‌ട്രസ്സിൽ കഥകളി എങ്ങനെ ഉപയോഗിച്ചുവോ അതുപോലെയാണ്‌ ഇതിൽ ഞാൻ പാചകം ഉപയോഗിക്കുന്നത്‌. എഴുതാൻ പോവുന്നത്‌ പ്രണയകഥയാണ്‌ എന്നത്‌ എന്നെ ആവേശം കൊള്ളിച്ചുവെങ്കിലും ഭക്ഷണവും പാചകവും ഈ കഥയുടെ അടിസ്ഥാനമാക്കി നിലനിർത്തുന്നതായിരുന്ന ഇതിലെ സർഗാത്മകമായ വെല്ലുവിളി.
പാചകവും അക്ഷരമാലയും കൃത്യമായി മിശ്രണം ചെയ്യാൻ കഴിഞ്ഞതിൽ ഇപ്പോൾ സംതൃപ്തി തോന്നുന്നു.
ഭക്ഷണപ്രിയയാണോ? തിരക്കിനിടയിൽ പാചകം ആസ്വദിക്കാൻ കഴിയാറുണ്ടോ?
ഭക്ഷണപ്രിയയാണെങ്കിലും ഞാനധികം ഭക്ഷണമൊന്നും കഴിക്കാറില്ല. ഏതു നേരത്തുകഴിച്ചാലും അതെന്റെ അവസാനത്തെ ഭക്ഷണമാണെന്ന രീതിയിൽ വളരെ ആസ്വദിച്ച്‌ സംതൃപ്തിയോടെയാണ്‌ ഞാൻ കഴിക്കുന്നത്‌.
ഭക്ഷണത്തോട്‌ ഏറെ ഇഷ്ടവും ബഹുമാനവും ഉള്ളതുകൊണ്ടു തന്നെ ഞാൻ ധാരാളം പാചകം ചെയ്യാറുണ്ട്‌. ഇഡ്ഡലി, പുളിയിഞ്ചി, ഓലൻ തുടങ്ങിയ വിഭവങ്ങളൊക്കെ ഞാൻ പാചകം ചെയ്താൽ മാത്രമേ എനിക്ക്‌ തൃപ്തിയാവൂ. എല്ലാദിവസവും മൂന്നുനേരം കൃത്യമായി പാചകം ചെയ്യാൻ എനിക്ക്‌ പറ്റില്ല. അങ്ങനെ വരുമ്പോൾ പാചകം ഒരു സാധാരണ ജോലിയായി മാറും. രുചിയുടെ കാര്യത്തിൽ നമ്മൾ അത്രയൊന്നും ശ്രദ്ധിക്കാതെയും വരും.
പുതിയ പുസ്തകങ്ങൾ?
ഗൗഡസീരിസിലെ രണ്ടാം നോവലായ ചെയിൻ ഒാഫ്‌ കസ്റ്റഡി ജൂൺ അവസാനം ഇന്ത്യൻ വിപണിയിലെത്തും കട്ട്‌ലൈക്ക്‌ വൂണ്ട്‌ എന്ന നോവലായിരുന്നു ഈ പരമ്പരയിലെ ആദ്യ പുസ്തകം. കുട്ടികൾക്കായി ഒരു പ്രധാന പുസ്തകത്തിന്റെ പണിപ്പുരയിലാണ്‌ ഞാൻ ഇപ്പോൾ.
പ്രസാധകരുടെ നിർദ്ദേശം ഉള്ളതുകൊണ്ട്‌ പുസ്തകങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. ഇംഗ്ളീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ പരിഭാഷകൾ പരിശോധിക്കുക എന്ന ദൗത്യവും തുടരുന്നു. ഒരു നാടകത്തിന്റെ രചനയും മനസ്സിലുണ്ട്‌.
പ്രണയപാചകത്തില്‍നിന്ന് ഒരു ഭാഗം വായിക്കാം…
പ്രണയത്തിന്റെ ഒരേയൊരു പരിണതഫലം നിരാശയാണെന്ന്‌ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ലെന. വൈകാരിക കെട്ടുപാടുകൾ ഒഴിവാക്കി ഒരവധിക്കാലം ചെലവഴിക്കാൻ ലെനയുടെ ഹോംസ്റ്റേയിലെത്തുന്ന സിനിമാതാരം ശൂലപാണി. ലെനയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ പരിചാരിക ഗോമതി. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്ന പ്രണയത്തിന്റെ മാസ്മരികതയാണ്‌ അനിതാ നായരുടെ ‘പ്രണയപാചകം’.
ആദ്യമായി ക്യാമറയുടെ മുൻപിലേക്കു നടന്നടുക്കുന്നതുപോലെയാണ് അയാൾക്കു തോന്നിയത്. എങ്ങനെ സംസാരിക്കും? എന്തു പറയും? താൻ ചിന്തിക്കുന്നത് അവൾ കേൾക്കുമോ? തന്റെ വികാരങ്ങൾ അവൾ അറിയുമോ? ക്യാമൽ നിറമുള്ള കോട്ടൺ പാന്റ്‌സും ഇളം മഞ്ഞ നിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ടുമാണ്. അതയാളെ മങ്ങിയും വിളർത്തും കാണിക്കുമോ? അയാളുടെ കൺതടങ്ങളിലെ കാളിമ മായാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കുടഞ്ഞുകളയാൻ കഴിയാത്ത നിരുത്സാഹം ഇപ്പോഴും ബാക്കിയുണ്ട്.
അയാളപ്പോൾ അവളെ കണ്ടു. ഒരു ജാലകത്തോടു ചേർന്നുനില്ക്കുകയായിരുന്നു അവൾ. ചുറ്റിയും വളഞ്ഞും പച്ച ഇലകളും തടിച്ച വള്ളികളുമായി ആ ജാലകത്തിൽ ഒരു ചെടി പടർന്നുകയറിയിരുന്നു. അയാളവളുടെ മുടി കണ്ടു, താൻ കൈവിരലുകളോടിക്കാൻ ആഗ്രഹിക്കുന്ന, വളവുകളും ചുരുളുകളുമുള്ള വല്ലരി പോലുള്ള മുടി. അവളുടെ വിരലുകൾ ഒരു സ്വകാര്യഗീതത്തിന് താളമിടുന്നതും അയാൾ കണ്ടു. അവളുടെ പിൻകഴുത്ത് എന്തിനോടുപമിക്കും എന്നയാൾ അതിശയിച്ചു. അതിനെല്ലാമുപരിയായി, വിദൂരതയിലേക്ക് നോക്കിനില്ക്കുന്ന അവളുടെ കണ്ണുകളിലെ ഗൗരവവും അയാൾ കണ്ടു.
തലേന്ന് വൈകുന്നേരം അവൾ പറഞ്ഞത് അയാളോർത്തു. ഒരു പുനർജീവിതത്തിനുള്ള അവസരമുണ്ടാകുകയാണെങ്കിൽ, ആരാകണമെന്നാണ് ആഗ്രഹമെന്ന് അയാളവളോട് ചോദിച്ചിരുന്നു. ‘എനിക്ക് നല്ലതാകണ്ട, ചീത്തയുമാകേണ്ട, നല്ലതോ ചീത്തയോ എന്നതിനെപ്പറ്റി എനിക്കാലോചിക്കേണ്ടതില്ല, എനിക്കൊരു സജീവക്രിയയായാൽ മതി.’
തന്റെ പുരികക്കൊടികൾ ഉയരുന്നത് അയാളറിഞ്ഞു. ‘ആഹാ…’
‘അല്ലല്ല, അവയെന്റെ വാക്കുകളല്ല, സത്യത്തിൽ, ബർണാഡ്ഷായുടെ വാക്കുകളാണ്. എന്റെ കോളേജുകാലത്തിൽനിന്ന് ഞാനോർമിക്കുന്നത് ഇതു മാത്രമാണ്,’ അവൾ ചിരിച്ചു.
അവൾ തലയുയർത്തി, അയാളെ കണ്ടു. അവളുടെ കണ്ണുകളിൽ ഒരു പുഞ്ചിരി വിരിയാൻ തുടങ്ങുന്നു. അവളൊരു സജീവക്രിയയായി മാറാൻ തുടങ്ങുന്നത് അയാൾ കണ്ടു. അയാൾക്കത് അനുഭവപ്പെടുകയും ചെയ്തു. അയാളിൽ എന്തോ ഒന്ന് ഇളകി. ഈ ഒരു രംഗത്തിന്റെ- പുരുഷൻ പ്രണയത്തിലാകുന്ന- ഇക്കാലമത്രയും നടത്തിയ അഭിനയങ്ങളൊന്നും അയാളെ ഈ നിമിഷത്തിന്റെ തയ്യാറെടുപ്പിൽ സഹായിച്ചില്ല. മുൻപോട്ടു കുതിപ്പിക്കുന്ന ഒരു ജെറ്റ് എൻജിൻ അയാളിൽ പ്രവർത്തനം തുടങ്ങി. അവളുടെ വാതിലിലേക്കുള്ള അവസാനചുവടുകൾ അതിന്റെ തീവ്രതയിലും ശക്തിയിലും മാത്രമാണയാൾ പിന്നിട്ടത്. അവളോ, അയാളുടെ കാലടികൾ അവളുടെ പടിവാതിലിലെ നാല്‌ പടവുകളിൽ ആദ്യത്തേതിൽ സ്പർശിച്ചപ്പോൾത്തന്നെ വാതിൽ തുറക്കുകയാണ് ചെയ്തത്.
അവൾ പുഞ്ചിരിച്ചു, അയാളും. അകലെ ഇടി മുഴങ്ങി. എവിടെയോ ഒരു വ്യാകരണ പുസ്തകത്തിൽ സജീവമായ രണ്ട്‌ ക്രിയകൾ കൂട്ടിമുട്ടി.
വീടിനുള്ളിലേക്ക് അയാളവളെ അനുധാവനം ചെയ്തു. അയാളുടെ നോട്ടം മുറിയുടെ അല്പമാത്രമായ വിശദാംശങ്ങളിലേക്ക്- തടികൊണ്ടുള്ള സോഫകളും ഉയരം കുറഞ്ഞ കോഫി ടേബിളും ആടുന്ന കസേര, പഴയ മാതൃകയിലുള്ള കറങ്ങുന്ന പുസ്തകപ്പെട്ടി. ചുവരുകൾക്ക് മങ്ങിയ ഐവറി നിറം. താഴ്‌വരയുടെ മറ്റൊരു ദൃശ്യത്തിലേക്ക് തുറക്കുന്ന ജാലകത്തിന്റെ കനത്ത തിരശ്ശീലകൾ സൂര്യവെളിച്ചം മുറിയിലേക്കു കടക്കുന്നതിനായി വശങ്ങളിലേക്ക് മാറ്റിയിട്ടിരിക്കുന്നു.
ജാലകച്ചട്ടത്തിന്റെ പാതിയിൽനിന്നുമാരംഭിക്കുന്ന നെറ്റ് കർട്ടനുകൾ ഇളംകാറ്റിലിളകുന്നു. മുറി മങ്ങിയതാണെങ്കിലും പുരാതനശൈലിയുടെ ആകർഷകത്വം. കടൽക്കരയിലെ തന്റെ ബംഗ്ലാവും അതിലെ സൗകര്യങ്ങളും അയാളോർത്തു. എല്ലാത്തിന്റെയും ആധിക്യം, എന്നാൽ ആത്മാവില്ലാതെ പൊള്ളയായത്. അയാൾ ജനലരികിലേക്കു നടന്നു. ഈ ചിന്തകൾതന്നെ ശല്യപ്പെടുത്തിത്തുടങ്ങുന്നത് അയാൾക്കിഷ്ടമായില്ല.
അവൾ അയാളുടെ അരികിലേക്ക് വന്നു.
‘നിങ്ങൾക്കിവിടെ നിന്നാൽ എന്റെ കോട്ടേജ് കാണാം.’
അയാളത്‌ഭുതത്തോടെ പറഞ്ഞു.
‘ഉം, അത് മേൽനോട്ടക്കാരന്റെ വീടായിരുന്നു, അയാളുടെ മേൽ ഒരു കണ്ണുവേണമെന്ന് ഇംഗ്ലീഷുകാരൻ കരുതിയിരുന്നു,’ അവൾ പറഞ്ഞു.
അയാൾ കുനിഞ്ഞ് അവളെ നോക്കി. അവൾ ചുണ്ട് കടിക്കുന്നുണ്ട്. ‘അതു വേണ്ട’ എന്ന് പറയാൻ തോന്നിയ ആവേശം അയാൾ അടക്കി. പകരം അയാൾ പോയി സോഫയിൽ ഇരുന്നു.
‘കാപ്പി,’ അവൾ ഉത്സാഹത്തോടെ പറഞ്ഞു.
അവൾ അകന്നുപോയി. ഇതെല്ലാം യാഥാർഥ്യമോ അതോ ഒരു സിനിമാസെറ്റോ എന്നാലോചിച്ച് അത്‌ഭുതത്തോടെ അയാളവിടെ ഇരുന്നു. ഫിൽറ്റർ കാപ്പിയുടെ സൗരഭ്യം അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് കടന്നെത്തി, ആ ഗന്ധവഴിയുടെ അങ്ങേയറ്റത്ത് അയാളവളെ കണ്ടു. ഒരു ട്രേയിൽ, നന്നായി അടച്ച ഒരു കാപ്പിപ്പാത്രവും തടിച്ച രണ്ടു കപ്പുകളും ഒരു പ്ലേറ്റ് ബിസ്‌കറ്റും.
അവളെ സഹായിക്കുവാനായി അയാളെഴുന്നേറ്റു. ഇതുപോലെന്തോ ഒരു സിനിമയിൽ ചെയ്തിട്ടുള്ളതായി അയാളോർമിച്ചു. ജീവിതം സിനിമകളെ പ്രതിഫലിപ്പിക്കുകയാണോ? അതോ തിരിച്ചോ?
‘കുഴപ്പമില്ല, ഞാൻ കൊണ്ടുവരാം,’ അവളതു പറഞ്ഞുകൊണ്ട് അയാളെ ഒഴിവാക്കി, ട്രേ മേശമേൽ വെച്ചു.
കപ്പുകളിൽ കാപ്പി നിറച്ച് ഒന്ന് അയാൾക്കു നേരെ നീട്ടി. അയാളതു വാങ്ങി കൈത്തലത്തിൽ വെച്ചു. പൂന്തോട്ടത്തിൽനിന്ന് ആരോ ചൂളമടിച്ചു. അയാളുടെ കണ്ണുകൾ ആ ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞു. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു, ‘മലബാർ വിസിലിങ് ത്രഷ്.’
അയാൾ പുരികമുയർത്തി. ‘എപ്പോഴും ചൂളമടിക്കുന്ന കുട്ടിയെക്കുറിച്ചോർത്ത് കഴിഞ്ഞ രണ്ടു ദിവസവും ഞാനതിശയിച്ചിരുന്നു.’
അവൾ വിടർന്നു ചിരിച്ചു. ‘അതാണീ കിളിയെ വിളിക്കുന്നത്. വിസിലിങ് സ്കൂൾ ബോയ്, ചൂളമടിക്കുന്ന സ്കൂൾ കുട്ടി.’
അയാൾ കാപ്പി ഒന്നു മൊത്തി. കാപ്പി രതിമോഹമുണർത്തുന്ന ഒന്നാണോ? ഉള്ളിലെന്തോ ഉണരുന്നത് അയാളെ അത്‌ഭുതപ്പെടുത്തി. മുൻപോട്ടു കുനിഞ്ഞ് അവളെ ചുംബിക്കുവാനുള്ള ആഗ്രഹത്തിന് അയാൾ ഒരു ദീർഘനിശ്വാസംകൊണ്ട് കടിഞ്ഞാണിട്ടു. ‘ഇത് വളരെ സ്വാദിഷ്ഠമാണ്,’ അയാൾ പറഞ്ഞു.
‘സൗന്ദര്യവും ബുദ്ധിയും മാത്രമല്ല, അവൾക്കീ ലോകത്തിലെ ഏറ്റവും നല്ല ഫിൽറ്റർ കാപ്പി ഉണ്ടാക്കാനും അറിയാം!’
അവൾ ചെരുപ്പുകളൂരി മാറ്റിയിട്ട് സോഫയിൽ കാൽകയറ്റിവെച്ചിരുന്നു, കൈത്തലങ്ങൾക്കിടയിൽ കാപ്പിക്കപ്പുമായി.
‘അറിയില്ലാത്തതെന്തെങ്കിലുമുണ്ടോ?’ അയാൾ ഒരു തമാശ പോലെ ചോദിച്ചു.
പക്ഷേ, അവൾ മറുപടി പറഞ്ഞത് ഗൗരവമായിട്ടാണ്, ‘ധാരാളം, ആവശ്യമില്ലാത്ത ഒരുപാട് നിസ്സാരസംഗതികൾ അറിയാം. പക്ഷേ, യഥാർഥത്തിൽ കാര്യമുള്ളത് അധികമൊന്നും എനിക്കറിയില്ല.’
അവളെ എന്താണു വ്രണപ്പെടുത്തിയിരിക്കുക എന്നയാൾ ആലോചിച്ചു. അവൾക്കൊരു നൈർമല്യമുണ്ട്, അത്, അവളെയെടുത്തു മടിയിലിരുത്തി ഒരു കൊച്ചുകുഞ്ഞിനെയെന്നവണ്ണം ലാളിക്കുവാൻ അയാളിൽ ആഗ്രഹം ജനിപ്പിച്ചു.
അയാളുടെ നോട്ടം അവളുടെ കണ്ണുകളുമായി ഇടഞ്ഞു.
നടനെ കൂടുതൽ അടുത്തുനിന്നു കാണുവാൻ വാതിൽക്കൽ ചുറ്റിപ്പറ്റി നിന്ന ഗോമതി, തന്റെ തൊണ്ട വരളുന്നതറിഞ്ഞു.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അനിത നായരുടെ ഏറ്റവും പുതിയ നോവൽ ‘പ്രണയപാചക’ത്തിൽ നിന്നൊരു ഭാഗം)
mathrubhumi

NO COMMENTS

LEAVE A REPLY