ബിനാലെ സൃഷ്ടികളുടെ മാന്ത്രികത അനുഭവിച്ചറിഞ്ഞ് ചലച്ചിത്ര താരങ്ങള്‍

230

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ച മലയാള-ഹിന്ദി സിനിമ താരങ്ങള്‍. മലയാള സിനിമ താരങ്ങളായ മണിയന്‍പിള്ള രാജു, കുഞ്ചന്‍, ഹിന്ദി താരങ്ങളായ രജത് കപൂര്‍ വിനയ് പാഠക് എന്നിവരാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ബിനാലെ കാണാനെത്തിയത്. കഴിഞ്ഞയാഴ്ച പോര്‍ച്ചുഗല്ലില്‍ ഒരു ഷൂട്ടിംഗിന്റെ ഭാഗമായി പോയപ്പോള്‍ അവിടുത്തുകാരനായ ഒരാള്‍ കൊച്ചി ബിനാലെ സന്ദര്‍ശിച്ച അനുഭവം തന്നോടു വിവരിച്ചുവെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ പ്രദര്‍ശനം സ്വന്തം നാട്ടില്‍ നടന്നിട്ട് കാണാന്‍ പറ്റിയല്ലെന്നോര്‍ത്തപ്പോള്‍ സ്വയം ചെറുതായതു പോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഗ്ഗാത്മക ആവിഷ്‌കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രാദേശികവാസികളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലം ചെലവഴിച്ച ഫോര്‍ട്ട്‌കൊച്ചി കുഞ്ചന് ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയാണ്. ബിനാലെയിലെ ഓരോ പ്രദര്‍ശനത്തിലും മാന്ത്രികമായ എന്തോ ഒന്നുണ്ട്. സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള വക ബിനാലെയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബിനാലെ കാണാനും കുഞ്ചനെത്തിയിരുന്നു.

ഉത്തേജനം നല്‍കുന്ന അനുഭവങ്ങളാണ് ബിനാലെ തരുന്നതെന്ന് രജത് കപൂര്‍ പറഞ്ഞു. ഷേക്‌സ്പിയറെ അടിസ്ഥാനമാക്കിയുള്ള നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ കൂടിയായ രജത് കപൂറും വിനയ് പാഠക്കും കൊച്ചിയിലെത്തിയത്. വിവിധ വീക്ഷണങ്ങള്‍ക്ക് അവസരം നല്‍കുന്ന പരീക്ഷണ സ്വഭാവമുളള സൃഷ്ടികളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള കലാമണ്ഡലത്തില്‍ ബിനാലെയെ എത്തിക്കാന്‍ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും എടുത്ത ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വെറും ആറു വര്‍ഷം കൊണ്ട് ഇത്രയധികം പ്രശസ്തി ബിനാലെയ്ക്ക് ലഭിച്ചത് കലയോടുള്ള ഇവരുടെ സ്ഥായിയായ താത്പര്യം കൊണ്ടാണെന്നും രജത് കപൂര്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY