ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് – ഒൻപത് വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു

133

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഒൻപത് വാർഡുകളിലെ വോട്ടർപട്ടിക കൂടി പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിലെ 1, 2, 5, 17, 18 നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 11, 12, 14, 15 വാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഈ വാർഡുകളിലെ കരട് വോട്ടർപട്ടിക 11-ന് പ്രസിദ്ധീകരിച്ചു. അവകാശവാദങ്ങളും ആക്ഷേപങ്ങളും 25 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് – ഫോം 4, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് – ഫോം 6 പോളിംഗ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം – ഫോം 7 എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോം-5-ൽ നേരിട്ടോ രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷിക്കണം.

അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് രണ്ട് ആണ്. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷിക്കാം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടിക www.lsgelection.kerala.gov.in ലും ലഭ്യമാണ്.

NO COMMENTS