താനൂര്‍: സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും ഒന്നിച്ചാണെന്നും ആരൊക്കെ എന്തൊക്കെ വിവാദമുണ്ടാക്കിയാലും നാടിന്റെ വികസനം തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബി വിവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. കനേഡിയന്‍ പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുന്ന കന്പനിയാണ് സിഡിപിക്യു. 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കന്പനിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മസാല ബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഇതിനകം വിറ്റഴിച്ച 2150 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയ സിഡിപിക്യു എന്ന കനേഡിയന്‍ കന്പനിക്ക് എസ്എന്‍സി ലാവ്ലിന് കന്പനിയുമായി ബന്ധമുണ്ടെന്നാണ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നത്.