ആദായനികുതി വരുമാനം 12 ലക്ഷം കോടിരൂപയായി വര്‍ധിച്ചു; ബജറ്റ് പ്രഖ്യാപനം

301

ആദായനികുതി ഇളവിനുള്ള പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ഇളവുകള്‍ കൂടി ചേരുമ്പോള്‍ പരിധി ഫലത്തില്‍ 6.5 ലക്ഷം വരെയാകും. മധ്യവര്‍ഗത്തില്‍പ്പെട്ട മൂന്നുകോടി ആളുകള്‍ക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റവതരിപ്പിച്ച് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയായി ഉയര്‍ത്തി. ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങങ്ങള്‍ക്ക് ലഭിക്കുന്ന 40,000 രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ് ഇല്ല.

ആദായനികുതിവരുമാനം 12 ലക്ഷം കോടിരൂപയായി വര്‍ധിച്ചു. റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും റീഫണ്ട് ഉടന്‍ തന്നെ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം ലഭിക്കുക. കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് പണം നല്‍കുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

പദ്ധതിയുടെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 12 കോടി കര്‍ഷകകുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതി 2018 ഡിസംബര്‍ 1 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കും. പിഎം കിസാന്‍ പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി

ഗോസംരക്ഷണത്തിന് രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതി പ്രഖ്യാപിച്ചു. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. 15,000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. അംഗങ്ങളാകുന്നവര്‍ പ്രതിമാസം 100 രൂപ നല്‍കണം.

60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാസംതോറും 3,000 രൂപ വീതം പെന്‍ഷന്‍ കിട്ടും. ആശാവര്‍ക്കര്‍മാരുടെ വേതനം 50% കൂട്ടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാറ്റ്വിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി.

ഉജ്വലപദ്ധതി വിപുലീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പദ്ധതിയില്‍ എട്ടുകോടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കും. ചരിത്രത്തിലാദ്യമായി പ്രതിരോധബജറ്റ് മൂന്നുലക്ഷം കോടി കവിഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് ഇതുവരെ 35,000 കോടി നല്‍കി

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 % അധിക പലിശയിളവ് നല്‍കും. വ്യവസായവകുപ്പ് വ്യവസായ, ആഭ്യന്തരവ്യാപാര വകുപ്പാകും. ആഭ്യന്തരവ്യാപാരത്തിന് വിപുലമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തികസംവരണം ചരിത്രപരമാണെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. പാവപ്പട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ നയം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 2 ലക്ഷം അധികസീറ്റുകള്‍ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ ശുചിത്വഭാരത് വന്‍വിജയമായിരുന്നെന്ന് ബജറ്റിൽ പീയുഷ് അവകാശപ്പെട്ടു‍. 98 ശതമാനം ഗ്രാമങ്ങളിലും ശുചീകരണപദ്ധതി നടപ്പാക്കി. അഞ്ചുലക്ഷത്തിലധികം ഗ്രാമങ്ങള്‍ ശുചിയായി. ഒരുകോടി 53 ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കി. പ്രധാനകേന്ദ്രങ്ങളില്‍ ഷൂട്ടിങ് അനുമതിക്ക് ഏകജാലകസംവിധാനം.

വ്യാജപതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തും. ഹൈവേ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയെന്ന് മന്ത്രി അവകാശപ്പെട്ടു. ഒരുദിവസം 27 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച നേട്ടമാണിത്

ഇതേവരെയുള്ള ജിഎസ്ടി വരുമാനം തൊണ്ണൂറ്റിയേഴായിരത്തി ഒരു നൂറ് കോടിയായി. ഈ വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി കവിയുമെന്ന് മന്ത്രി അവകാശപ്പെട്ടു. അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി പ്രഖ്യാപനമുണ്ട്

അതേസമയം, കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടല്ല വോട്ടിനുവേണ്ടിയുള്ള അക്കൗണ്ട് മാത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ മോദിക്കില്ലെന്ന് ബജറ്റ് തെളിയിച്ചു. നടപ്പാക്കാത്ത മുന്‍പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതില്‍ പലതുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

NO COMMENTS