ബാബുരാജ് സ്മരണയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

256

കൊച്ചി: ഹിന്ദുസ്ഥാനിയുടെ ഈണത്തില്‍ മലയാളികള്‍ക്ക് നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ബാബുരാജിന്റെ സ്മരണാര്‍ത്ഥമായിരുന്നു എണറാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി. ഹംസധ്വനി സംഗീത് സംഘ് എന്ന കലാ സംഘമാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ138-ാമത് ലക്കം അവതരിപ്പിച്ചത്.ഹംസധ്വനിയില്‍ നിന്നുള്ള ഏഴ് ഗായകരാണ് പരിപാടി അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക് ഷോര്‍ ആശുപത്രി എന്നിവര്‍ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വന പരിപാടി സംഘടിപ്പിക്കുന്നത്.ആദിയില്‍ വചനമുണ്ടായി എന്ന വയലാര്‍ എഴുതിയ പാട്ടുമായി ബാബു പോളാണ് പരിപാടിക്ക് തുടക്കമിട്ടത്. ബിനു ആനന്ദ് കെഎസ്, പൂര്‍ണശ്രീ ഹരിദാസ്, മരിയാദാസ് കെജെ പീറ്റര്‍, ബാബുപോള്‍, റിയ ദാസ്, മാളവികാ രവീന്ദ്രന്‍, ഷൈന്‍ സൂസന്‍ പോള്‍ എന്നിവരായിരുന്നു മറ്റു ഗായകര്‍.
സൂര്യകാന്തി സൂര്യകാന്തി, സുറുമയെഴുതിയ മിഴികളെ, പ്രാണസഖീ, കണ്ണു തുറക്കാത്ത, ഇന്നലെ മയങ്ങുമ്പോള്‍, അകലെയകലെ, താമസമെന്തേ വരുവാന്‍, തളിരിട്ട കിനാക്കള്‍ തന്‍, താനെ തിരിഞ്ഞു, ഈറനുടുത്തുംകൊണ്ട്, വിജനതീരമേ, ആ കൊച്ചു സ്വപ്‌നത്തില്‍, വാസന്ത പഞ്ചമി നാളില്‍ എന്നീ ഗാനങ്ങളാണ് സംഘം അവതരിപ്പിച്ചത്.
ഹംസധ്വനിയ്ക്ക് വേണ്ടി ജോസ് പീറ്ററാണ് പരിപാടിചിട്ടപ്പെടുത്തിയത്. നിരവധി പ്രശസ്തരായ സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച ജോസ് പീറ്റര്‍ നവാഗത ഗായകരെമുന്നോട്ടു കൊണ്ടു വരുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.
image-2-1

NO COMMENTS

LEAVE A REPLY