തിരുവനന്തപുരം: സ്കോളര്‍ഷിപ്പിന്റെ മാത്രം പ്രശ്നമല്ല സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
റിപ്പോര്‍ട്ട് മുസ് ലിം സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളുടെ രേഖ കൂടിയാണ്. അവകാശങ്ങള്‍ ചോദിക്കുമ്ബോള്‍ വിഭാഗീയതയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സച്ചാര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം സംഘടന നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുമ്ബില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 16 മുഖ്യധാര മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന, സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സച്ചാര്‍ സംരക്ഷണ സമിതിയാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. സ്കോളര്‍ഷിപ് വിഷയത്തില്‍ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുകയോ നിയമ നിര്‍മാണം നടത്തുകയോ ചെയ്യണമെന്നുമുള്ള മുസ്ലിം സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് സംഘടനകള്‍ ഒറ്റക്കെട്ടായി പ്രത്യക്ഷ സമരവുമായി രംഗത്തു വരുന്നത്.
സച്ചാര്‍ ശിപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപവത്കരിച്ച് നടപ്പാക്കുക, മുന്നാക്ക-പിന്നാക്ക സ്കോളര്‍ഷിപ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വിസിലെ പ്രാതിനിധ്യം സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ധര്‍ണക്കു ശേഷം സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും.