നീലേശ്വരം ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത് 501 വീടുകള്‍

110

കാസറകോട് : ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നീലേശ്വരം ബ്ലോക്കില്‍ 501 വീടുകള്‍ പൂര്‍ത്തീകരിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് 69, പിലിക്കോട് ഗ്രാമ പഞ്ചായത്ത് 57, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 39, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് 62, പടന്ന ഗ്രാമപഞ്ചായത്ത് 34, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 72, വിവിധ കാരണങ്ങളാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 148 വീടുകളും പി എം എ വൈ യില്‍ 20 വീടുകളുമടക്കം 501 വീടുകളുടെ നിര്‍മാണമാണ് ലൈഫ്-പി എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്.

ചെറുവത്തൂര്‍ പൂമാല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം എംഎല്‍എ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ തങ്കമ്മ -രാമസ്വാമി ദമ്പതികള്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുബൈദ, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധര വാര്യര്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി ബിന്ദു, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.വി സുനിത,ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വിജയന്‍, സ്ഥിരം സമിതി അധ്യക്ഷ മാധവി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി വിജയന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ സുധാകരന്‍, എ കെ ചന്ദ്രന്‍,എന്‍ പി ദാമോദരന്‍, പി പി അടിയോടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം വല്‍സന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍ സ്വാഗതവും നീലേശ്വരം ജോയിന്റ് ബിഡിഒ കൃഷ്ണരാജ് നന്ദിയും പറഞ്ഞു .

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്,സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, അക്ഷയ കേന്ദ്രം, ഫിഷറീസ് വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ,് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് വികസന വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യുവകുപ്പ്, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ,് പബ്ലിക് റിലേഷന്‍ വകുപ്പ്, ലീഡ് ബാങ്ക് എന്നിവയുടെ സ്റ്റാളുകളും കുടുംബ സംഗമത്തില്‍ ഉണ്ടായിരുന്നു.

രാമസ്വാമിക്കും തങ്കമ്മയക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

നീലേശ്വരം തച്ചരണംപൊയില്‍ എ രാമസ്വാമിയും ഭാര്യ തങ്കമ്മയും സന്തോഷത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ അമ്പത് വര്‍ഷമായി സ്വപ്നം കാണുന്ന സ്വപ്ന ഭവനത്തിന്റെ താക്കോല്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ സി. കൃഷ്ണന്‍ എം എല്‍ എയുടെ കൈയില്‍ നിന്നും വാങ്ങിയപ്പോള്‍ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സംതൃപ്തിയുടെയും പ്രതീക്ഷയുടെയും പൂര്‍ത്തീകരണമായിരുന്നു

പൂക്കച്ചവടക്കാരി തങ്കമ്മയെ ചെറുവത്തൂരുകാര്‍ക്ക് സുപരിചിതയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപജീവനത്തിനായി കാസര്‍കോടെത്തിയ പാലക്കാടുകാരന്‍ രാമസ്വാമിയും ആലപ്പുഴക്കാരി തങ്കമ്മയും ഒരുമിച്ച് ജീവിതമാരംഭിച്ചപ്പോള്‍ മുതല്‍ കണ്ട സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു തുണ്ട് ഭൂമിയും അതിലൊരു കൊച്ചു വീടും. എന്നാല്‍ ചെറുവ ത്തൂരും തൃക്കരിപ്പൂരുമായി പൂക്കച്ചവടം നടത്തുന്ന ഇവര്‍ക്ക് ദൈനംദിന ചിലവു പോലും കണ്ടെത്താ നാകുന്നില്ല. സര്‍ക്കാരില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിച്ചു കിട്ടിയ പത്ത് സെന്റിലാണ് ലൈഫ്മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ അമ്പത് കൊല്ലമായി വാടക വീട്ടിലാണിവര്‍ താമസിച്ചു വരുന്നത്. ഇപ്പോള്‍ മുണ്ടക്കയത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. മാസം 3000 രൂപ വാടക നല്‍കണം. തൃശ്ശൂരേക്ക് കല്യാണം കഴിപ്പിച്ചയച്ച ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. 85 വയസ്സുള്ള രാമസ്വാമിക്കും 79 വയസ്സുള്ള തങ്കമ്മയും വാര്‍ധക്യസഹജമായ അസുഖങ്ങളും ബുദ്ധി മുട്ടുകളും ഉണ്ട് .ഇനിയുള്ള കാലം സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം എന്ന സന്തോഷത്തിലാണ് ഇവര്‍

NO COMMENTS