കോൺഗ്രസ്സിൻറെ കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്മയെന്ന് മുതിര്‍ന്ന നേതാക്കൾ – കോണ്‍ഗ്രസിൽ പോരിന് തുടക്കം

26

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന്റെ കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവി ല്ലായ്മ യെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫിലും പോരിനും തുടക്കമായി. യു ഡി എഫി ലെ ഘടക കക്ഷികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് രംഗത്ത് വന്നപ്പോള്‍ നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെതന്നെ മുതിര്‍ന്ന നേതാക്കളും എത്തി. തിരുത്തല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. കെപിസിസി പ്രസിഡന്റിന്റെ പരസ്യ പ്രതികരണം പാടില്ലെന്ന വാളോങ്ങല്‍ ലംഘിച്ച്‌ തുറന്നടിച്ച്‌ നേതാക്കളും രംഗത്ത് എത്തി.

കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്മയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍പോലും ഏകാഭിപ്രായം പ്രകടിപ്പിക്കാന്‍ നേതൃത്വത്തിനായിരുന്നില്ല. വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ അഭിപ്രായങ്ങള്‍ അനൗചിത്യമായിപ്പോയി എന്ന് നേതാക്കള്‍ തുറന്നടിച്ചു. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും സ്വന്തം വാര്‍ഡുകളില്‍ വരെ യുഡിഎഫ് പരാജയപ്പെട്ടു. ഗ്രൂപ്പുകള്‍ തമ്മില്‍ പടവെട്ടിയപ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ പുല്‍പ്പള്ളിയും കൈവിട്ടുപോയി.

പുറത്താക്കിയാലും വേണ്ടില്ല, തൊലിപ്പുറത്തെ ചികിത്സ കൊണ്ടു മാത്രം പരിഹാരം ഉണ്ടാകില്ലെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.വാട്സാപ്പിലെയും ട്വിറ്ററിലെയും പ്രവര്‍ത്തനം അല്ല തെരഞ്ഞെടുപ്പ് പ്രചാരണം. ഏതൊക്കെ നേതാക്കള്‍ കാര്യമായ പ്രചരണത്തിന് ഇറങ്ങിയെന്ന് വിലയിരുത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ തന്‍പ്രമാണിത്താണ് കനത്ത പരാജയത്തിനു കാരണമെന്ന് യൂത്ത് കോണ്‍ഗ്രസും തുറന്നടിച്ചു. ഇന്ന് കെപിസിസി യോഗം ചേരുന്നുണ്ട്. നേതാക്കള്‍ തമ്മിലുള്ള വെല്ലുവിളിക്ക് ഇന്നത്തെ യോഗം ഇടയാക്കിയേക്കും.

കെ.സുധാകരന്‍, പി.ജെ കുര്യന്‍, കെ.മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍ തുടങ്ങിയവരെല്ലാം നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. പാര്‍ട്ടിയുടെ സംഘടനാ മെക്കാനിസം വളരെ മോശമാണെന്നും അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണമെന്നുമാണ് സുധാകരന്‍ എംപി ആവശ്യപ്പെട്ടത്. കാര്യമായ ചികിത്സ ആവശ്യമാണെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ഗ്രൂപ്പ് നോക്കിയുള്ള വീതം വയ്പ്പ് താഴേത്തട്ടിലെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും സ്ഥാനാര്‍ഥിത്വത്തിന് മികവിന് അപ്പുറം ഗ്രൂപ്പിനായിരുന്നു പ്രാധാന്യം നല്‍കിയതെന്നും പി.ജെ. കുര്യന്‍ തുറന്നടിച്ചു.

NO COMMENTS