ഇടതുപക്ഷമാണ് കേരളത്തിന്റെ പ്രധാന അടിത്തറയെന്ന് സജി ചെറിയാൻ

189

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന്റെ എല്ലാം ഘട്ടത്തിലും ജനങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചുവെന്ന് എംഎൽഎ സജി ചെറിയാൻ. കെയുഡബ്ല്യുജെ യുടെയും കേസരി മെമ്മോറിയൽ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന മീറ്റ് ദ പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. വലതുപക്ഷ മണ്ഡലം ആണെന്ന ധാരണ പൂർണ്ണമായും തെറ്റാണെന്നും, വോട്ട് വിഹിതത്തിന്റെ ആകെ കണക്കെടുത്ത് പരിശോധിക്കുകയാണെങ്കിൽ വ്യക്തമായ ചിത്രം മനസ്സിലാക്കാൻ സാധിക്കുമെന്നും, കേരളത്തിന്റെ വികസനം, നവകേരള സൃഷ്ടി തുടങ്ങിയവയൊക്കെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയുടെ യോജിച്ച പ്രവർത്തനത്തിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂരിൽ വ്യക്തമായത്. പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ചെങ്ങന്നൂരിൽ പാർട്ടിക്ക് ലഭിച്ച അംഗീകാരം. നയപരമായ പ്രശ്നങ്ങളാണെങ്കിൽ അത് പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഒപ്പം താനും പ്രവർത്തിക്കുന്നത്. തൊഴിൽ, തരിശുരഹിത മണ്ഡലം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, വിശപ്പുരഹിത മണ്ഡലം, ഭവന നിർമ്മാണം തുടങ്ങിയവയൊക്കെ ചെങ്ങന്നൂരിന്റെ മണ്ണിൽ ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പത്ര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന മാധ്യമപ്രവർത്തകരാണ് കേരളത്തിൽ ഉള്ളത്. അതിന്റെ നിലവാരം ഉയർത്തിക്കൊണ്ടുവരാൻ പരമാവധി ശ്രമിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ചില മാധ്യമപ്രവർത്തകരുടെ നീചമായ പ്രവർത്തികൾക്ക് താൻ എതിരാണ്. എന്നാൽ, നിഷ്പക്ഷമായി മാധ്യമപ്രവർത്തനം നടത്തുന്ന പത്രപ്രവർത്തകരുടെ സേവനം സ്വാഗതാർഹമാണ്. സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ നിങ്ങൾ ഏവരെയും നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS