പ്രകൃതിക്ഷോഭം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1.06 കോടിരൂപയുടെ കൃഷിനാശം

131

കാസര്‍കോട് : കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ ഇതുവരെ 1,06,51,100 രൂപയുടെ കൃഷി നാശം സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,71,500 രൂപയുടെ കൃഷിയാണ് നശിച്ചത്. 158.75705 ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 34.26 ഹെക്ടറിലെ കാര്‍ഷികവിളകളാണ് നശിച്ചത്.

ജില്ലയില്‍ 9135 കമുകുകളും, 12,082 വാഴകളും 1886 തെങ്ങുകളും, 3159 റബര്‍, 1043 കുരുമുളക് തൈകള്‍ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കമുകുകളും, 5712 വാഴകളും 2791 റബര്‍ മരങ്ങളുമാണ് നശിച്ചത്. കൂടാതെ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിനാശം (18.2 ഹെക്ടര്‍) റിപ്പോര്‍ട്ട് ചെയ്തതും പരപ്പ ബ്ലോക്കിലാണ്. നെല്‍കൃഷിയില്‍ കാഞ്ഞങ്ങാട് 20 ഹെക്ടറും, മഞ്ചേശ്വരം അഞ്ച് ഹെക്ടറും, കാസര്‍കോട് മൂന്നും, പരപ്പയില്‍ ഒരു ഹെക്ടറിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു.

പ്രകൃതിക്ഷോഭം; വീട് തകര്‍ന്ന് അഞ്ച് പേര്‍ക്ക് പരുക്കേറ്റു

ഇന്നലെ പുലര്‍ച്ചെ (22) ഒരു മണിക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബളാല്‍ വില്ലേജിലെ കനകപ്പള്ളിയില്‍ ഓടു മേഞ്ഞ വീട് തകര്‍ന്ന് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് പി സി രാജു, ഭാര്യ, മൂന്നു മക്കള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മകള്‍ അനുരാജയെ പരിയാരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും സമീപത്തുള്ള സഹോദരന്റെ വീട്ടില്‍ താമസ സൗകര്യമേര്‍പ്പെടുത്തിയതായും ബളാല്‍ വില്ലേജ് ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഇതുവരെ 1401.765 മില്ലി മീറ്റര്‍ മഴ ലഭിച്ചു

മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ജില്ലയില്‍ 1401.765 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 21 രാവിലെ 10 മുതല്‍ 22 (ഇന്നലെ) രാവിലെ 10 വരെ 115.075 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് വീട് പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതു വരെ നാലു വീടുകള്‍ പൂര്‍ണമായും 122 വീട് ഭാഗികമായും തകര്‍ന്നു. കൂടാതെ 163 വൈദ്യുതി തൂണുകളും തകര്‍ന്നു.

കാസര്‍കോട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

ഇന്ന് (23/07/2019) രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

മത്സ്യതൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുത്

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുത്

ജൂലൈ 23 വരെ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, കര്‍ണാടക ,തെക്ക് തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങള്‍.

ജൂലൈ 23 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ അറബിക്കടല്‍.

ജൂലൈ 24 മുതല്‍ ജൂലൈ 26 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍

NO COMMENTS