തിങ്കളാഴ്ച ദേശീയപണിമുടക്ക് – ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

150

തിരുവനന്തപുരം : പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്നു മര്‍ദനമേറ്റതിന്റെ പേരില്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ സമരം രാജ്യമെമ്പാടും ശക്തിപ്പെടുന്നു. തിങ്കളാഴ്ച ദേശീയപണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ആഹ്വാനം ചെയ്തു. അത്യാഹിതവിഭാഗം ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല.

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനെ കണ്ടു. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിനുപകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം നല്‍കുകയുമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നതെന്ന് ഹര്‍ഷ്‌വര്‍ധന്‍ കുറ്റപ്പെടുത്തി. ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ അഭിമാനപ്രശ്നമായി കാണരുതെന്നും സൗഹാര്‍ദ പരമായ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം മമതയോട് ആവശ്യപ്പെട്ടു. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയക്കുമെന്ന് മന്ത്രി പറഞ്ഞു.

ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച സൂചനാ പണിമുടക്കു നടത്തി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചണ്ഡീഗഢ്, ജയ്‌പുര്‍, ലഖ്നൗ, ഗോവ, കര്‍ണാടക, ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പണിമുടക്കി.

ആശുപത്രികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ദേശീയനിയമം നിര്‍മിക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം, കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴുവര്‍ഷം ശിക്ഷയുറപ്പാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ആശുപത്രികള്‍ക്കു സുരക്ഷനല്‍കേണ്ടത് സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് ഐ.എം.എ. പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിഷേധം തുടരാനും സംഘടന ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ധര്‍ണകളും പ്രകടനങ്ങളും നടക്കും. ആരോഗ്യമേഖല തടസ്സപ്പെടാതിരിക്കാന്‍ പ്രതീകാത്മക പ്രതിഷേധം മാത്രമേ നടത്താവൂവെന്ന് ഡോക്ടര്‍മാരോട് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കളില്‍നിന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനമേറ്റത്. ആക്രമണത്തില്‍ തലയോട്ടി പൊട്ടിയ പരിബാഹ മുഖര്‍ജി ചികിത്സയിലാണ്. മതിയായ സുരക്ഷ ഉറപ്പുവരുത്താതെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്.

NO COMMENTS