കലാഭവന്‍ മണിയുടെ മരണത്തില്‍ മാത്രമല്ല പ്രതിമയുടെ പേരിലും ദുരൂഹത – സത്യാവസ്ഥ അറിയാം – അന്ധവിശ്വാസമായി കാണരുത്- ശില്‍പി ഡാവിഞ്ചി സുരേഷ്

262
kalabhavan mani statue

ചാലക്കുടി: പ്രിയപ്പെട്ട താരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച്‌ 6ന് മൂന്ന് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരണകാരണം ദുരൂഹമായി തന്നെ തുടരുന്നു. സിബിഐ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.മരണത്തില്‍ മാത്രമല്ല, മണിയുടെ പ്രതിമയുടെ പേരിലും ദുരൂഹത ഉടലെടുത്തിരിക്കുകയാണ്. ചാലക്കുടിയിലുളള മണിയുടെ പ്രതിമയില്‍ നിന്നും രക്തം ഒഴുകുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം നടക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാം:

മണിയുടെ നാടായ ചാലക്കുടി ചേനത്ത് നാട്ടില്‍ മണി തന്നെ സ്ഥാപിച്ച കലാഗൃഹത്തിന് മുന്നിലുളള പ്രതിമയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മണിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ് ഈ പ്രതിമ. കലാഭവന്‍ മണിയുടെ കടുത്ത ആരാധകന്‍ കൂടിയായ ശില്‍പി ഡാവിഞ്ചി സുരേഷ് ആണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫൈബറിലാണ് മണിയുടെ ഈ പൂര്‍ണകായ പ്രതിമയുടെ നിര്‍മ്മാണം. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ പ്രതിമയുടെ കയ്യില്‍ നിന്നും ചുവപ്പ് നിറത്തില്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നത് ചിലരുടെ ശ്രദ്ധയില്‍ പെട്ടത്.

ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന വലത് കയ്യില്‍ നിന്നാണ് രക്തമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വെളളം പുറത്തേക്ക് ഒഴുകുന്നത്. കാട്ട് തീ പോലെയാണ് വാര്‍ത്ത പരന്നത്. മണിയുടെ പ്രതിമയില്‍ നിന്നും രക്തം ഒഴുകുന്നു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ അത്ഭുതം കാണാന്‍ ആളുകള്‍ കലാഗൃഹത്തിലേക്ക് ഒഴുകി.കലാഗൃഹം അധികൃതര്‍ വിവരം അറിയിച്ചതിന് പിന്നാലെ ശില്‍പിയായ ഡാവിഞ്ചി സുരേഷും സ്ഥലത്ത് എത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ രക്തമല്ല പ്രതിമയില്‍ നിന്ന് ഒഴുകുന്നത് വ്യക്തം. എന്നാല്‍ എന്താണ് ഈ ചുവപ്പ് നിറത്തിലുളള ദ്രാവകമെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ആര്‍ക്കും വ്യക്തമായി മനസ്സിലായിട്ടില്ല.

കേരളത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയകാലത്ത് ചാലക്കുടിയും മുങ്ങിയിരുന്നു. കലാഭവന്‍ മണിയുടെ പ്രതിമ അടക്കം വെളളത്തില്‍ മുങ്ങിപ്പോയിരുന്നു. എന്നാല്‍ പ്രതിമയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. അന്ന് ചിലപ്പോള്‍ പ്രതിമയ്ക്കുളളില്‍ വെളളം കയറിക്കാണുമെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.

അതാകാം പുറത്തേക്ക് ഒഴുകുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ പ്രളയം കളിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം എങ്ങനെ ഈ പ്രതിഭാസം ഇപ്പോള്‍ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ചുവന്ന നിറം എങ്ങനെ വരുന്നു എന്ന ചോദ്യത്തിനും ഉത്തരമില്ല.കലാഭവന്‍ മണി ജീവിച്ചിരിക്കുമ്ബോള്‍ തന്നെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച്‌ മണിയുടെ മുഖത്തിന്റെ മാതൃക തയ്യാറാക്കിയാണ് സുരേഷ് പ്രതിമ നിര്‍മ്മിച്ചത്. ഇപ്പോള്‍ വെള്ളം വരുന്ന വലത് കയ്യില്‍ പ്രതിമ നിര്‍മ്മിക്കുമ്ബോള്‍ താനൊരു കമ്ബി വെച്ചിരുന്നു എന്ന് ഡാവിഞ്ചി സുരേഷ് മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പ്രളയത്തില്‍ പ്രതിമ മുങ്ങിയതിന്റെ ഭാഗമായി ഈ കമ്ബി തുരുമ്ബെടുത്തിരിക്കാം. നിലവിലെ ചൂട് കൂടി കാലാവസ്ഥയില്‍ കമ്ബിയുടെ തുരുമ്ബ് കലര്‍ന്ന വെളളം പുറത്തേക്ക് വരുന്നതാവാം ചുവപ്പ് നിറത്തിന് കാരണമെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു. ഇതിനെ ആളുകള്‍ അന്ധവിശ്വാസമായി കാണരുത് എന്നും സുരേഷ് അഭ്യര്‍ത്ഥിക്കുന്നു.രണ്ട് ദിവസത്തോളം തുടര്‍ച്ചയായി പ്രതിമയില്‍ നിന്നും ചുവന്ന നിറത്തില്‍ വെള്ളം വന്നിരുന്നുവെന്നും ഇപ്പോള്‍ നിലച്ചിരിക്കുകയാണ് എന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു. പ്രതിമയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ആളുകള്‍ പ്രതിമ കാണാന്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

NO COMMENTS