ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

177

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി വീണ്ടും ഐ.സി.സി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോലി റാങ്കിങ്ങിന്റെ തലപ്പത്ത് തിരിച്ചെ ത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലെ പ്രകടനം കോലിക്ക് കരുത്തായപ്പോള്‍ പാകിസ്താനെതിരായ പരമ്ബരയില്‍ നിറംമങ്ങിയത് സ്മിത്തിന് തിരിച്ചടിയായി.

ഒന്നാമതുള്ള കോലിക്ക് 928 പോയന്റുണ്ട്. സ്മിത്തിന് 923 പോയന്റും. ഡേ-നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ കൊഹ്‌ലി കൊല്‍ക്കത്ത ടെസ്റ്റില്‍ 136 റണ്‍സെടുത്തിരുന്നു. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം റാങ്കുകാരന്‍ കൊഹ്‌ലിയാണ്.

പാകിസ്താനെതിരായ പരമ്ബരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ്ങില്‍ ഏറെ നേട്ടമുണ്ടാക്കിയത് ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും മാര്‍നസ് ലബുഷെയ്‌നുമാണ്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി (335*) തിളങ്ങിയ വാര്‍ണര്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തി. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് വാര്‍ണറുടെ നേട്ടം.

പാകിസ്താനെതിരായ രണ്ടു ടെസ്റ്റിലും സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്ന്‍ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ എട്ടാമതെത്തി. കരിയറില്‍ ആദ്യമായാണ് ലബുഷെയ്ന്‍ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ എത്തുന്നത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനവും ബംഗ്ലദേശിനെ തിരെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനവും നിലനിര്‍ത്തി. അജിങ്ക്യ രഹാനെ ഒരു സ്ഥാനം നഷ്ടപ്പെട്ട് ആറാം സ്ഥാനത്തായി.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കാര്യമായ മാറ്റങ്ങളില്ല. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ, വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ആദ്യ മൂന്നില്‍ തുടരുന്നു. നീല്‍ വാഗ്നര്‍ (4), ജസ്പ്രീത് ബുംറ (5) എന്നിവരുടെ റാങ്കിലും മാറ്റമില്ല. ഇന്ത്യന്‍ താരങ്ങളില്‍ ആര്‍. അശ്വിന്‍ ഒമ്ബതാമതും മുഹമ്മദ് ഷമി 10-ാം സ്ഥാനത്തും തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജേസന്‍ ഹോള്‍ഡര്‍, രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്ക്‌സ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ആര്‍. അശ്വിന്‍ എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നിലനിര്‍ത്തി.

NO COMMENTS