കേരള ബ്ലാസ്റ്റേഴ്സിനു ഗോള്‍രഹിത സമനില

189

കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് ഇക്കുറിയും നിരാശ തന്നെ. ഏക ആശ്വാസം തോറ്റില്ല എന്നതു മാത്രം. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ അവരുടെ തട്ടകത്തില്‍ പോയി തളച്ച ഡല്‍ഹി ഡൈനാമോസിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു.കളിക്കാര്‍ക്ക് ആവേശമുണര്‍ത്താന്‍ മഞ്ഞക്കടലായി മാറിയ ഗാലറി കളി തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ നിശബ്ദമായി. മികച്ച മുന്നേറ്റമൊന്നും നടത്താതെ താരങ്ങള്‍ തന്നെയാണു ഗാലറികളെ നിശബ്ദമാക്കിയത്.

മെസിയെ ഓര്‍മിപ്പിക്കുംവിധം വെള്ളത്തലമുടിയുമായി കളത്തില്‍ ഇറങ്ങിയ മൈക്കല്‍ ചോപ്ര നിരവധി അവസരങ്ങളാണു പാഴാക്കിയത്. പെനാല്‍റ്റി ബോക്സില്‍ ഫൗളിന് ഇരയായി എന്ന അഭിനയിച്ചു വീണതിനു ചോപ്രയ്ക്കു മഞ്ഞക്കാര്‍ഡും ലഭിച്ചു. ഇടവേളയ്ക്കു തൊട്ടുമുന്‍പു ലഭിച്ച മികച്ചൊരു അവസരം മൈക്കല്‍ ചോപ്ര പാഴാക്കിയതു നെടുവീര്‍പ്പോടെയാണു ഗാലറി നോക്കിക്കണ്ടത്.
ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മല്‍സരത്തിലൂടെ ഒരു പോയിന്റു നേടാനായെങ്കിലും ആരാധകര്‍ക്കു കടുത്ത നിരാശയാണു സമ്മാനിച്ചത്. കഴിഞ്ഞ രണ്ടു കളിയിലും വില്ലനായി മാറിയ സന്ദേശ് ജിങ്കനാണ് ഇക്കുറി കളിയിലെ താരം. ഡല്‍ഹി താരങ്ങളെ ഗോളില്‍ നിന്നു തടഞ്ഞുനിര്‍ത്താന്‍ ജിങ്കന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി.
കൊല്‍ക്കത്തയ്ക്കെതിരെ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്സ് ടീമിനെ കളത്തിലിറക്കിയത്. ഫാറൂഖ് ചൗധരി, എല്‍ഹാദ്ജി എന്‍ഡോയെ, ഗ്രഹാം സ്റ്റാക്ക് എന്നിവര്‍ പുറത്തിരുന്നപ്പോള്‍ മൈക്കല്‍ ചോപ്ര, അസ്റാക്ക് മഹാമത്ത്, സന്ദീപ് നന്ദി എന്നിവര്‍ ആദ്യ ഇലവനിലെത്തി.

NO COMMENTS

LEAVE A REPLY