വി.ജെ.ടി ഹാളിൻറെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കാന്‍ സര്‍ക്കാര്‍ തീരുമാനം – മുഖ്യമന്ത്രി പിണറായി വിജയൻ

156

തിരുവനന്തപുരം: തിരുവനന്തപുരത്തെ വി.ജെ.ടിഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്ന വി.ജെ.ടി ഹാളിന്റെ പേരുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി .സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി പോരാടുകയും സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനാവുകയും 1907-ൽ സാധുജന പരിപാലന യോഗം രൂപവത്ക്കരിക്കുകയും ചെയ്തയാളായിരുന്നു അയ്യങ്കാളി .

ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.

വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സ്മരണക്കാണ് തിരുവനന്തപുരത്ത് ടൗണ്‍ഹാള്‍ നിര്‍മ്മിച്ചത്. 1896 ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് പണികഴിപ്പിച്ച കെട്ടിടത്തിലായിരുന്നു തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭ പ്രവര്‍ത്തിച്ചിരുന്നത്.അയ്യങ്കാളിയുടെ ചരിത്ര പ്രസിദ്ധമായ പല പ്രസംഗങ്ങളും നടന്നത് ഈ ഹാളിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കെട്ടിടത്തിന് അയ്യങ്കാളി ഹാള്‍ എന്ന പേര് നല്‍കുന്നത്.തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിതീരുമാനം അറിയിച്ചത്.

NO COMMENTS