വെള്ളപ്പൊക്ക ഭീഷണി – മൂവാറ്റുപുഴയിൽ ഉന്നത തല യോഗം ചേർന്നു.

101

മുവാറ്റുപുഴ: മലങ്കര ഡാമിലെ ജല നിരപ്പ് ദിവസേന പരിശോധിക്കാനും പുറത്ത് വിടുന്ന ജലത്തിന്റെ അളവ് ജനങ്ങളെ അറിയിക്കാനും മൂവാറ്റുപുഴയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കാലവർഷം ശക്തമായതോടെ മലങ്കര ഡാം തുറന്ന് വിട്ടതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. താലൂക്കോഫീസിലെ കൺട്രോൾ റൂമിൽ വാഹനങ്ങൾ സജ്ജീകരിക്കുന്നതോടൊപ്പം അടിയന്തിര ഘട്ടത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള സ്കൂളുകൾ അടക്കമുള്ളവയുടെ താക്കോലുകളും ഇവിടെ സൂക്ഷിക്കും.

നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മേഖലകളിലെ ജനപ്രതിനിധികളും ചേർന്ന് അടിയന്തിര നടപടി സ്വീകരിക്കും. നഗരപരിധിയിലെ റോഡരികുകളിൽ അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും മുറിച്ചു മാറ്റും. ഇതിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. അടിയന്തിര സാഹചര്യത്തിൽ ഉപയോഗപ്പെടുത്തുന്നതിനായി ഫയർഫോഴ്സിന് കുടുതൽ ഉപകരണങ്ങൾ ലഭ്യമാക്കും. ജനജീവിതത്തിന് ഭീഷണിയായി നില നിൽക്കുന്ന വെള്ളൂർ കുന്നം കോർമല പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരും. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പനി ക്ലിനിക്ക് പ്രവർത്തനം വൈകിട്ട് 5 വരെ നീട്ടും. ഒപ്പം ഇവിടെ പ്രത്യേക പനി വാർഡും തുറക്കും.

കാലവർഷം സജീവമായതോടെ മൂവാറ്റുപുഴയാർ കലങ്ങി മറിഞ്ഞ് വെള്ളം മലിനമായെന്ന പരാതി ജലസേചന വകുപ്പ് പരിശോധിക്കും. ശുചീകരണ നടപടികൾ കാര്യക്ഷമമാക്കുന്നതോടൊപ്പം ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നും പരിശോധിക്കും. നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭ ശുചീകരണ തൊഴിലാളികളെ ചുമതലപ്പെടുത്തും. നഗരസഭാ വൈസ് ചെയർമാൻ പി.കെ ബാബുരാജ് അധ്യക്ഷത വഹിച്ച യോഗം എൽദോ എബ്രഹാം എം.എൽ. എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആലീസ്.കെ.ഏലിയാസ്, ലീല ബാബു, ലത ശിവൻ, നഗര സഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരായ എം എ സഹീർ, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം.സീതി, കൗൺസിലർമാരായ മേരി ജോർജ്, കെ.എ.അബ്ദുൾ സലാം, സി.എം.ഷുക്കൂർ എന്നിവരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.

NO COMMENTS