രാജ്യത്തിന്റെ സ്വപ്‌ന പദ്ധതി ബുള്ളറ്റ് ട്രെയിന്‌ തറക്കല്ലിട്ടു

282

അഹമ്മദാബാദ് : ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു. സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 2023-ല്‍ പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്.

508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്റ്റേഷനുകളാണുള്ളത്. 21 കിലോമീറ്റര്‍ തുരങ്കവും, ഏഴുകിലോമീറ്റര്‍ കടലിനുള്ളിലൂടെ യാത്രയുമാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ സ്പീഡാണ് ബുള്ളറ്റ് ട്രെയിന്‍ വാഗ്ദാനം നല്‍കുന്നത്. അതായത്, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്നും അഹമ്മദാബാദിലെത്താന്‍ വെറും രണ്ടുമണിക്കൂര്‍ മതി.

1.10 ലക്ഷം കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍, 81 ശതമാനവും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയാണ് വഹിക്കുന്നത്. അന്‍പത് വര്‍ഷംകൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം.
ജപ്പാനും ഭാരതവും തമ്മിലുള്ള ദൃഢ ബന്ധത്തെപ്പറ്റി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഭാരതത്തിലെയും ജപ്പാനിലെയും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്ദ്ധര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സാദ്ധ്യമാകാത്ത ഒന്നുമില്ലെന്നും, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ‘ജയ് ജപ്പാന്‍, ജയ് ഇന്ത്യ’ എന്ന് ആബെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിച്ച ആബേ അദ്ദേഹത്തെ തന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിക്കാനും മറന്നില്ല. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും പരസ്പരസഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടക്കും. പ്രതിരോധം, സുരക്ഷ ഉപകരണ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും കൈക്കൊണ്ടേക്കും.

NO COMMENTS