ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം; 10 ലക്ഷം ലഭിച്ചു; വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ്

280

അഹമ്മദാബാദ് : ബിജെപിയിലേക്കു ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായും ഇതില്‍ 10 ലക്ഷം ലഭിച്ചതായും ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നേതാവാണ് നരേന്ദ്ര പട്ടേല്‍.
ഹാര്‍ദിക് പട്ടേലിന്റെ അനുയായിയായിരുന്ന വരുണ്‍ പട്ടേലും ഇന്നലെ ബിജെപിയിലേക്കു കൂടുമാറിയിരുന്നു. വരുണ്‍ പട്ടേല്‍ വഴി ബിജെപിയോടു ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചിരുന്നതായാണ് നരേന്ദ്ര പറയുന്നത്. ഇതില്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഇന്നലെ രാത്രി വൈകി നാടകീയ നീക്കത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനൊപ്പം തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവര്‍ത്തകരെ നരേന്ദ്ര പട്ടേല്‍ കാണിച്ചു. പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ (പിഎഎഎസ്) കണ്‍വീനറാണ് നരേന്ദ്ര പട്ടേല്‍.

ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാല്‍ റിസര്‍വ് ബാങ്ക് മുഴുവനായി നല്‍കിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ബിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്താനാണ് താന്‍ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേര്‍ത്തു. പട്ടേല്‍ പ്രക്ഷോഭം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണും പിഎഎഎസ് നേതാവായ രേഷ്മ പട്ടേലും ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, ആരോപണം വരുണ്‍ പട്ടേല്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസിന്റെ പദ്ധതി തിരിച്ചറിഞ്ഞ പട്ടീദാര്‍ സമൂഹം ബിജെപിയോടു ചേരുന്നതിന്റെ ഭീതിയില്‍ അവരുടെ പ്രേരണയാല്‍ നടത്തുന്ന ആരോപണങ്ങളാണിതെന്നും വരുണ്‍ പ്രതികരിച്ചു. അതേസമയം, സംഭവവികാസങ്ങളില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS