വസന്തോത്സവം 2019 സമാപിച്ചു; പുഷ്പസൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒന്നേകാൽ ലക്ഷം പേർ.

192

പത്തുനാൾ കനകക്കുന്നിനെ വർണവിസ്മയത്തിലാറാടിച്ച വസന്തോത്സവം പുഷ്പമേള കൊടിയിറങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുഷ്പമേളയെ പതിവുപോലെ ഇത്തവണയും അനന്തപുരി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നേകാൽ ലക്ഷം സന്ദർശകരാണ് ഈ വർണവസന്തം ആസ്വദിക്കാനെത്തിയത്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ തുടങ്ങി സൂര്യകാന്തി ഓഡിറ്റോറിയത്തിനു സമീപം വരെ ഇരുവശത്തുമായി പതിനായിരക്കണക്കിനു പൂച്ചെടികളും അത്യപൂർവ സസ്യങ്ങളുമാണ് ആസ്വാദകരെ വരവേറ്റത്.

ആന്തൂറിയം, ഡാലിയ, റോസ്, ജമന്തി തുടങ്ങിയ വർണപൂഷ്പങ്ങളും കള്ളിമുൾചെടികളും ബോൺസായികളും സന്ദർശകർക്ക് കൗതുകമായി. അഡീനിയം, കാർണേഷ്യം, ക്രിസാന്തിമം, ചൈനീസ് റോസ് തുടങ്ങിയവയും മേളയയ്ക്ക് വ്യത്യസ്തത പകർന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ നിന്നുകൊണ്ടുവന്ന അത്യപൂർവ ഓർക്കിഡ് ഇനമായ സിംപീഡിയം കാണാൻ മാത്രം ആയിരക്കണക്കിനു പേരാണ് മേളയ്‌ക്കെത്തിയത്.

വസന്തോത്സവത്തിനൊപ്പം സജ്ജീകരിച്ച ഭക്ഷമേളയിലും ഏറെ തിരക്കായിരുന്നു പത്തു ദിവസവും. മലബാർ ഭക്ഷ്യമേളയും, വൈവിധ്യമാർന്ന കുടുംബശ്രീ വിഭവങ്ങളും ഒപ്പം കെ.റ്റി.ഡി.സിയുടെ രാമശ്ശേരി ഇഡലിയും കുംഭകോണം കാപ്പിയും മേളയ്‌ക്കെത്തിയവരുടെ വയറും മനസും നിറച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ കാർഷികോത്പന്ന വിപണന മേളയിലെ കരകൗശല വസ്തുക്കൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. കലർപ്പില്ലാത്ത സോളാർ ഡ്രൈഡ് ഉണക്കമീൻ പരിചയപ്പെടുത്താൻ ഫിഷറീസ് വകുപ്പും മറന്നില്ല.

വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും വ്യത്യസ്തത പുലർത്തി. വനം വകുപ്പിന്റെ കൃതൃമ കാടും, എക്‌സൈസ് വകുപ്പിന്റെ ലഹരിവിമുക്ത സന്തേശമുൾക്കൊള്ളിച്ച വിവിധ മത്സരങ്ങളും കുട്ടികളെ ഏറെ ആകർഷിച്ചു. കനകക്കുന്ന് കൊട്ടാരത്തിനുള്ളിൽ സജ്ജീകരിച്ച പുഷ്പാലങ്കാരമായിരുന്നു മേളയിലെ മറ്റൊരു ആകർഷണം. ഓർക്കിഡ് ലേഡിയും പുഷ്പങ്ങൾ കൊണ്ടു തീർത്ത മയിലും അരയന്നവും മറ്റു രൂപങ്ങളും ചിത്രീകരിക്കാൻ വൻ തിരക്കായിരുന്നു.

ഗോത്ര സംസ്‌കാരത്തെ വിളച്ചറിയിച്ച് ഏറുമാടവും അവരുടെ പാരമ്പര്യ ചികിത്സാരീതിയും നവ്യാനുഭവമായി. സന്ദർശക സുരക്ഷയ്ക്കായി മാതൃകാപരമായ സേവനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 24 സുരക്ഷാ ക്യാമറകളാണ് കനകക്കുന്നിന് മുക്കിലും മൂലയിലുമായി പോലീസ് സജ്ജീകരിച്ചത്. തിരക്ക് അധികമുള്ള ദിവസങ്ങളിൽ ഡ്രോൺ പറത്തിയും സുരക്ഷയൊരുക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ദിവസേന പ്രത്യേകം പട്രോളിംഗ് നടത്താനും പോലീസ് മറന്നില്ല.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വസന്തോത്സവത്തിന്റെ സമാപന ചടങ്ങും ഈ വർഷത്തെ നിശാഗന്ധി നൃത്തോത്സവവും ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവർണർ സമ്മാനിച്ചു. വസന്തോത്സവത്തിലെ വിവിധ പ്രദർശന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മാധ്യമ പുരസ്‌കാരങ്ങളും ഗവർണർ വിതരണം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവർ പങ്കെടുത്തു.

NO COMMENTS