നവീകരിച്ച കുന്നൂച്ചി ചെര്‍ക്കപ്പാറ റോഡ് റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

17

കാസറഗോഡ് : 3.80 കോടി രൂപ ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച കുന്നൂച്ചി ചെര്‍ക്കപ്പാറ റോഡ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. പളളിക്കര ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പ്രധാന പൊതുമരാമത്ത് റോഡാണിത്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍പനയാല്‍ പൊതുമരാമത്ത് റോഡിലെ ചെര്‍ക്കപ്പാറയിലാണ് ഈ റോഡ് അവസാനിക്കുന്നതെന്നും നാഷണല്‍ ഹൈവേക്ക് സമാന്തരമായി പോകുന്ന ഈ റോഡിന്റെ വശങ്ങളില്‍ ആവശ്യമായ ഐറിഷ് ഡ്രൈനേജ്, കോണ്‍ക്രീറ്റ് ഡ്രൈനേജ്, റോഡ് സുരക്ഷാ ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ മഹമ്മദ് അലി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.വി സുകുമാര സ്വാഗതവും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. പ്രകാശന്‍ നന്ദിയും പറഞ്ഞു.

നാലവര്‍ഷത്തിനുള്ളില്‍ നടന്നത് ഇരട്ടിയോളം വികസന പ്രവൃത്തികള്‍- റവന്യു മന്ത്രി

സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാറുകളെല്ലാം നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ സ്വാഭാവികമായി നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഇരട്ടിയോളം പ്രവര്‍ത്തികള്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വാഭാവികമായി കമ്മി ബജറ്റ് അവതരിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി സര്‍ക്കാറുകള്‍ക്ക് സാധിക്കാറില്ല. 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റിന് പുറത്ത് നിന്ന് പണം കണ്ടെത്തുന്ന സമ്പ്രദായം കൊണ്ടു വന്നു. അങ്ങനെയാണ് കിഫ്ബി പദ്ധതിയിലൂടെ സാധാരണ സര്‍ക്കാറുകള്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും ഇരട്ടിയോളം പ്രവൃത്തികള്‍ കേരള സര്‍ക്കാറിന് നടത്താന്‍ കഴിഞ്ഞത്.

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയ്ക്കും കേരളത്തെക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയിലില്ല. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയ്ക്കും ഹരിത കേരള മിഷനിലൂടെ പ്രകൃതിക്കും ലൈഫ് പദ്ധതി സാമൂഹ്യ സുരക്ഷ്യയ്ക്കും പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയ്ക്കുമെല്ലാം പതിന്‍ മടങ്ങ് ഉണര്‍വ്വ് പകരാന്‍ സര്‍ക്കാറിന് സാധിച്ചു. വിദ്യാലയങ്ങളും ആതുരാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന തരത്തില്‍ മാറ്റത്തിന് വിധേയമായെന്നും അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ കണ്ടു തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

NO COMMENTS