പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ കലാ പരിശീലന ക്ലാസിന് തുടക്കം

11

തിരുവനന്തപുരം: നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച സൗജന്യ കലാപരീശീലന ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പാട്ട്, ചിത്രരചന എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

പരിപാടിയുടെ ആദ്യഘട്ടത്തില്‍ പള്ളിച്ചല്‍ ഗ്രാമ പഞ്ചാ യത്തിലുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. ബ്ലോക്ക് പരിധിയിലുള്ള മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ പരിശീലനം സംഘടിപ്പിക്കും.

ഫെല്ലോഷിപ്പിന്റെ ഭാഗമായി പരിശീലനം നേടിയ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍.

പാരമ്പര്യ കലകള്‍ക്ക് പുറമെ വാദ്യോപകരണങ്ങളുടെ പരിശീലനവും ലഭ്യമാക്കുമെന്നും പ്രായഭേദമന്യേ എല്ലാവര്‍ക്കും പരിശീലന പരിപാടിയില്‍ പങ്കാളികളാകാനുള്ള അവസരമൊരുക്കുമെന്നും നേമം ബ്ലോക്ക് പ്രസിഡന്റ് എസ്. കെ.പ്രീജ പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ പരിശീലന ക്ലാസുകള്‍ അവധി ദിവസങ്ങളില്‍ ക്രമീകരിക്കും. നരുവാമൂട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കലാപരിശീലകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS