എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധികരിച്ചു വിജയശതമാനം 98.11, വിജയശതമാനം കൂടുതൽ പത്തനംതിട്ടയിൽ

132

ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയ വിദ്യാർഥികളുടെ ശതമാനം 98.11. ആകെ പരീക്ഷ എഴുതിയ 4,34,729 വിദ്യാർഥികളിൽ 4,26,513 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 37,334 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി. എല്ലാ വിഷയത്തിനും എ ഗ്രേഡും അതിനു മുകളിലും ലഭിച്ച വിദ്യാർഥികളുടെ എണ്ണം 67,508.

പത്തനംതിട്ടയാണ് വിജയശതമാനം കൂടുതലുള്ള ജില്ല-99.33 ശതമാനം. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ്. 93.22 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസജില്ല കുട്ടനാടും (99.90), ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസജില്ല വയനാടുമാണ് (93.22). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 80052. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ വിദ്യാഭ്യാസജില്ലയും മലപ്പുറമാണ്. 27,414. ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല പത്തനംതിട്ടയാണ്. 10,852.

എടരിക്കോട് പി.കെ.എം.എച്ച്.എസ്സിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 2409 പേർ. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്. എസ്സിൽ 1707 പേരും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്സിൽ 1286 പേരും പരീക്ഷ എഴുതി. ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതിയത് പെരിങ്ങര ഗവ.ഗേൾസ് എച്ച്.എസ്സാണ്. രണ്ടു വിദ്യാർഥികൾ മാത്രമാണ് ഇവിടെ പരീക്ഷ എഴുതിയത്. ബേപ്പൂർ ജി.ആർ.എഫ്.റ്റി.എച്ച്.എസ്സ്& വിഎച്ച്എസ്എസ്സിലും തിരുവനന്തപുരം ഫോർട്ട് ഗവ.സംസ്‌കൃത എച്ച്.എസ്സിലും മൂന്ന് വീതം വിദ്യാർഥികൾ പരീക്ഷ എഴുതി.

പട്ടികജാതി വിദ്യാർഥികളുടെ വിജയശതമാനം 95.77. ഈ വിഭാഗത്തിൽ പരീക്ഷ എഴുതിയ 43187 പേരിൽ 41359 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 1091 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് നേടി. പട്ടികവർഗ വിഭാഗത്തിൽ പരീക്ഷ എഴുതിയ 8103 പേരിൽ 7066 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയശതമാനം 87.20. ഈ വിഭാഗത്തിൽ 80 പേർ എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി. ഒ.ബി.സി വിഭാഗത്തിൽ 98.40, ഒ.ഇ.സി വിഭാഗത്തിൽ 98.50 എന്നിങ്ങനെയാണ് വിജയശതമാനം.

1703 സ്‌കൂളുകളാണ് മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയവ. ഇതിൽ 599 സർക്കാർ സ്‌കൂളുകൾ ഉൾപ്പെടുന്നു. 713 എയ്ഡഡ് സ്‌കൂളുകളും 391 അൺ എയ്ഡഡ് സ്‌കൂളുകളും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു. 2017-ൽ 1174, 2018-ൽ 1565 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച സ്‌കൂളുകളുടെ എണ്ണം.

പുതിയ സ്‌കീമിൽ പരീക്ഷ എഴുതിയ പ്രൈവറ്റ് വിദ്യാർഥികളുടെ വിജയശതമാനം 72.68 ശതമാനവും പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ പ്രൈവറ്റ് വിദ്യാർഥികളുടെ വിജയശതമാനം 58.26 ശതമാനവുമാണ്.

ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ സ്‌കൂളുകളിൽ വിജയശതമാനം യഥാക്രമം 98.79, 87.96 ശതമാനമാണ്. ഗൾഫ് മേഖലയിലെ ഒൻപത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 495 വിദ്യാർഥികളിൽ 489 പേരും ലക്ഷദ്വീപിലെ ഒൻപത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 681 വിദ്യാർഥികളിൽ 599 പേരും ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി.

ടിഎച്ച് എസ്എൽസി പരീക്ഷയിൽ 99 ശതമാനം വിദ്യാർഥികളും ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. പരീക്ഷ എഴുതിയ 3208 വിദ്യാർഥികളിൽ 252 പേർ എ പ്‌ളസ് നേടി. എഎച്ച് എസ്എൽസിയിൽ വിജയശതമാനം 95.12 ശതമാനമാണ്. പരീക്ഷ എഴുതിയ 82 വിദ്യാർഥികളിൽ 78 പേർ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. എസ്എസ്എൽസി( ഹിയറിങ് ഇംപയേർഡ്്) വിഭാഗത്തിൽ 99.30 ആണ് വിജയശതമാനം. 286 പേർ പരീക്ഷ എഴുതിയപ്പോൾ 284 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ടി.എച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ പരീക്ഷ എഴുതിയ 14 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

പൊതുവിദ്യാഭ്യാസസെക്രട്ടറി എ.ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകൾ മേയ് ഏഴ് മുതൽ 10 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകർ അതത് സ്്കൂൾ പ്രഥമാധ്യാപകർക്ക് മേയ് പത്തിന് അഞ്ച് മണിക്കകം നൽകിയിരിക്കണം. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം മേയ് 31-നകം പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കും. ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ മേയ് 20 മുതൽ 25 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. ജൂൺ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.

NO COMMENTS