ദുരന്തനിവാരണത്തിൽ ദേശീയതല പരിശീലനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

168

സംസ്ഥാനത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ സംഘടിപ്പിച്ച ദേശീയതല പരിശീലനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയും മുൻകാല അനുഭവങ്ങൾ പാഠമാക്കിയും ദുരന്തസാഹചര്യങ്ങളെ നേരിടണമെന്ന് മന്ത്രി പറഞ്ഞു.

ഓഖിയും പ്രളയവും വികസിത രാജ്യങ്ങളിലുൾപ്പെടെ ഉണ്ടാകുന്ന ദുരന്തങ്ങളും പാഠമാക്കണം. ദുരന്തമേഖലയിലേക്ക് രക്ഷാപ്രവർത്തകരെ എത്തിക്കാൻ കൂടുതൽ സമയമെടുക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാൻ മെച്ചപ്പെട്ട സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. അപകട സാഹചര്യമുണ്ടായാൽ ദുരന്തമാകാതെ കൃത്യമായി കൈകാര്യം ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുദിവസം നീളുന്ന പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശേഖർ ചതുർവേദി, പ്രൊഫ. സന്തോഷ്‌കുമാർ എന്നിവർ ക്ലാസുകൾ നയിക്കും.

സെക്രട്ടേറിയറ്റ്, അഗ്നിശമന സേന, പോലീസ്, റവന്യൂ, ആരോഗ്യം, ജലസേചനം, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ഫിഷറീസ്, അർബൻ അഫയേഴ്‌സ്, ജിയോളജി, ജലവിഭവം, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവർക്ക് അതത് വകുപ്പിൽ മറ്റുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനാകും. ദുരന്തനിവാരണ പരിശീലനകേന്ദ്രം ഡയറക്ടർ പി. ജി. തോമസ്, രാജേശ്വരി പി. എ., അനു. എസ്. നായർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS