ചെലവിന്റെ മുൻഗണനകളിൽ മാറ്റം വരും – ധനമന്ത്രി

101

തിരുവനന്തപുരം : സംസ്ഥാനം ചെലവുകളിൽ ഗണ്യമായ കുറവ് വരുത്തുമെന്നും മുൻഗണനകളിൽ മാറ്റം വരുത്തു മെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. കോവിഡ്19 നെത്തുടർന്നുള്ള സ്ഥിതിഗതികൾ സംസ്ഥാന സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636 കോടിയിൽ നിന്നും റവന്യൂവരുമാനം 81,180 ആയി കുറയുമെന്നാണ് സൂചിപ്പിക്കുന്നത്. റവന്യൂ കമ്മി 4.18 ശതമാനം ആയും ധനകമ്മി 5.95 ആയും വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഏപ്രിൽ ഒന്നു മുതലുള്ള 47 ദിവസത്തെ ലോക്ക്ഡൗൺ കഴിഞ്ഞാൽ എല്ലാം സാധാരണഗതിയിലാകുമെന്നു ഗണിച്ചാൽ പോലും 79300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. എങ്കിലും വർഷാവസാനം എത്തുമ്പോൾ 2.06 വർധന ആഭ്യന്തര വരുമാനത്തിൽ ഉണ്ടാകും.രണ്ടാമത്തെ കണക്കുകൂട്ടൽ സ്ഥിതിഗതികൾ സാധാരണഗതിയിലാകാൻ ലോക്ക്ഡൗൺ കഴിഞ്ഞ് മൂന്നു മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തിൽ 135523 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. മൂന്നാമത്തെ കണക്കുകൂട്ടൽ സ്ഥിതിഗതികൾ സാധാരണഗതിയിലാകാൻ ലോക്ക്ഡൗൺ കഴിഞ്ഞ് ആറ് മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തിൽ 165254 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും.

കേരള രൂപീകരണത്തിനുശേഷം സംസ്ഥാന സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു.കേരളം ആവശ്യപ്പെടുന്നതുപോലെ രണ്ടു ശതമാനം കൂടുതൽ വായ്പയെടുക്കുന്നതിന് കേന്ദ്രസർക്കാർ അനുവാദം തന്നാൽപ്പോലും അഞ്ചു ശതമാനമേ വായ്പയെടുക്കാൻ കഴിയൂ. സംസ്ഥാനം ചെലവുകളിൽ ഗണ്യമായ കുറവ് വരുത്തിയേതീരൂ എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ടുകൂടി വന്നതിനുശേഷം ഇതുസംബന്ധിച്ച് അവസാനം തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

വിപണിയിൽ ആവശ്യകത ഇല്ലായ്മ പരിഹരിക്കാൻ കൂടുതൽ ഇടപെടൽ കേന്ദ്രത്തിൽനിന്ന് ഉണ്ടാകണമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ ആവശ്യകത ഇല്ലായ്മ പരിഹരിക്കാൻ വളരെ കുറച്ച് ഇടപെടലേ ഉള്ളൂ.കാർഷിക അനുബന്ധ മേഖലയ്ക്കായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ഒരു ലക്ഷം കോടിയുടെ പാക്കേജിൽ 20,000 കോടി രൂപയോളമേ ബജറ്റിൽനിന്ന് അധികചെലവായി വരൂ.

പുതുതായി പ്രഖ്യാപിക്കുന്ന പദ്ധതികളുമായി സഹകരിക്കുകയും അവ കേരളത്തിന് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ പ്രഖ്യാപിച്ചവയിൽ ഏതൊക്കെയാണ് നിലവിലുള്ള സ്‌കീമുകളെന്ന് പറയാൻ തയാറാകണം. കേന്ദ്ര പാക്കേജ് ഉത്തജക പാക്കേജായി പൊതുവിൽ വിലയിരുത്തപ്പെടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. സെൻസെക്സിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നിലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS