കാസര്‍ഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്‌ പ്രത്യേക പാക്കേജ്; മുഖ്യമന്ത്രി പിണറായി വിജയന്‍

257

തിരുവനന്തപുരം :കാസര്‍ഗോഡ് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്‌ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഊന്നിനിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2013-14 മുതല്‍ 2017-18 വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 2018-19ല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച 88 പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.

അവയില്‍ അനുയോജ്യമായ പദ്ധതികള്‍ക്ക് ഉടന്‍തന്നെ ഭരണാനുമതി നല്‍കുമെന്നും എന്‍എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ 13.08.2014-ല്‍ വിശദമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ആസ്തിവികസന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളൊന്നും അനുവദനീയമല്ല. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിട്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാതെ റിപ്പോര്‍ട്ടിന് പുറത്തുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന പ്രവണത കണ്ടുവരുന്നു. ഇതില്‍ ഒട്ടുമിക്ക പദ്ധതികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികളായോ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാവുന്നതാണ്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെ‌യ്‌തിട്ടുള്ള പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അനുമതി നിഷേധിക്കാറില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു പ്രത്യേക പാക്കേജ് ആയതിനാല്‍ ഇതില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ നിര്‍വ്വാഹമില്ല.

കാസര്‍ഗോഡ് വികസന പാക്കേജിന്മേലുള്ള പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നത് ജില്ലാ ഭരണകൂടമാണ്. ആയതിനാല്‍ പദ്ധതികള്‍ തയ്യാറാക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ജില്ലാഭരണകൂടത്തെ അറിയിക്കാവുന്നതാണ്. ജില്ലാ കളക്ടര്‍ക്ക് നിരവധി ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നതിനാല്‍പദ്ധതികളുടെ നിര്‍വ്വഹണം വേഗതയിലാക്കാനും മേല്‍നോട്ടത്തിനുമായി ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച്‌ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാസര്‍ഗോഡ് പാക്കേജിന്റെ നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന ത‌സ്‌തികകള്‍ അടിയന്തരമായി നികത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS