സാന്ത്വന സ്പർശം – പരാതികൾ ഫെബ്രുവരി 02 വരെ സമർപ്പിക്കാം

12

തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ഉടനടി പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലേക്കുള്ള ജില്ലയിലെ പരാതികൾ നൽകാനുള്ള സമയപരിധി ഫെബ്രുവരി 2 ന് അവസാനിക്കും.

ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിലാണ് മൂന്നു കേന്ദ്രങ്ങളിലായി ജില്ലയിലെ അദാലത്ത്. സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണു പരാതികൾ പരിശോധിച്ചു പരിഹാരം നിർദേശിക്കുന്നത്.

നാളുകളായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ, തർക്കങ്ങൾ, പലതരം നൂലാമാലകളിൽപ്പെട്ടു തീരുമാനമാകാതെ കിടക്കുന്ന പ്രശ്നങ്ങൾ, ജനങ്ങളുടെ വിവിധങ്ങളായ അപേക്ഷകൾ തുടങ്ങിയവയെല്ലാം അദാലത്തിൽ നൽകാം. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത്. അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ യാതൊരു ഫീസും നൽകേണ്ട. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ cmo.kerala.gov.in വഴി നേരിട്ടും പരാതികൾ നൽകാം.

അദാലത്തിൽ ലഭിക്കുന്ന പരാതികൾ തരംതിരിക്കാനും അടിയന്തര പരിഹാരത്തിനുള്ള നടപടികൾക്കുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ച് അംഗ ഉദ്യോഗസ്ഥ സംഘം കളക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥർക്കു പുറമേ ജില്ലാ സപ്ലൈ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സാമൂഹ്യനീതി ഓഫിസർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവരാണു സംഘത്തിലുള്ളത്.

പരാതി നൽകുന്നവർക്കു തിരികെ നൽകുന്ന മറുപടികൾ വ്യക്തമായിരിക്കണമെന്നു സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികൾ പരിഗണിക്കാൻ നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്‌കൂളിൽ അദാലത്ത് നടക്കും. രാവിലെ ഒമ്പതു മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലേയും പരാതികൾ പരിശോധിക്കും. ഒമ്പതിനു വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കും. ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്‌കൂളാണ് വേദി.

രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അദാലത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാകും പരിശോധിക്കുക. എസ്.എം.വി. സ്‌കൂളാണു വേദി. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതൽ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികൾ കേൾക്കും.

NO COMMENTS