കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രിസഭായോഗം തുടങ്ങി

213

ബെംഗളൂരു: കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കോടതി വിധി കര്‍ണാടക നടപ്പിലാക്കിയേക്കില്ല എന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കോടതി വിധിക്കെതിരെ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും രാജിവെച്ചേക്കുമെന്നും സൂചനകളുണ്ട്.തമിഴ്നാടിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് എല്ലാ കക്ഷികളുടെയും തീരുമാനം. തങ്ങളുടെ ലോക്സഭാ രാജ്യസഭാ അംഗങ്ങളെ രാജിവെപ്പിച്ച്‌ കോടതി വിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ എല്ലാ കക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിയാണ് ഇപ്പോള്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരിക്കുന്നത്.വിഷയത്തില്‍ സംസ്ഥാന ഘടകത്തിന്റെ ഏത് തീരുമാനത്തിനും പിന്തുണ തേടി സിദ്ധരാമയ്യ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. രാജിവെയ്ക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇതേ വികാരമാണ് കര്‍ണാടകയിലെ മറ്റ് രാഷ്ട്രീയ കക്ഷികളും പങ്കുവെക്കുന്നത്.എന്തുതന്നെയായാലും തമിഴ്നാടിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കര്‍ണാടകയിലെ അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നതിനാലും വെള്ളം വിട്ടുകൊടുക്കാനാകില്ല എന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. അതേസമയം സുപ്രീംകോടതി ഉത്തരവ് കര്‍ണാടകം ലംഘിച്ചാല്‍ അപൂര്‍വ്വമായൊരു പ്രതിസന്ധിക്കാണ് അത് കാരണമാകുക. രാജ്യത്ത് ആദ്യമായാകും ഒരു മുഖ്യമന്ത്രി ഉന്നത നീതിപീഠത്തിന്റെ ഉത്തരവ് ലംഘിക്കുന്നത്.

NO COMMENTS

LEAVE A REPLY