ദുബായ്: ലോക ടെന്നീസില്‍ ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍. കരിയറിലെ 100-ാം കിരീടം എന്ന നേട്ടം ശനിയാഴ്ച മുപ്പത്തേഴുകാരനായ സ്വിറ്റ്സര്‍ലന്‍ഡ് താരം സ്വന്തമാക്കി.ദുബായ് ടെന്നീസ് ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഫെഡറര്‍ തന്റെ 100-ാം കിരീടം ചുണ്ടോടടുപ്പിച്ചത്. സ്കോര്‍: 6-4, 6-4.
ഇതോടെ 100 കിരീടങ്ങള്‍ സ്വന്തമാക്കുന്ന രണ്ടാം പുരുഷ താരമെന്ന റിക്കാര്‍ഡ് ഫെഡറര്‍ സ്വന്തമാക്കി. അമേരിക്കയുടെ ജിമ്മി കോണേഴ്സാണ് (109 കിരീടങ്ങള്‍) ഈ നേട്ടം ഇതുവരെ ഒറ്റയ്ക്കു വച്ചനുഭവിച്ചിരുന്നത്. 18 വര്‍ഷം മുന്‍പാണ് ഫെഡറര്‍ ആദ്യ എടിപി കിരീടം സ്വന്തമാക്കുന്നത്. വനിതാ വിഭാഗത്തില്‍ 167 സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ മാര്‍ട്ടിന നവരത്തിലോവ ഏറെ മുന്നിലാണ്.
ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ ഫെഡററെ സിറ്റ്സിപാസ് അട്ടിമറിച്ചിരുന്നു. അതിനുള്ള മധുരപ്രതികാരംകൂടിയായി ഫെഡററിന്റെ ഈ കിരീടധാരണം. ദുബായിയില്‍ ഇത് എട്ടാം തവണയാണ് സ്വിസ് താരം കിരീടമുയര്‍ത്തുന്നത്.