കര്‍ണാടക ഗവര്‍ണറുടെ നടപടി ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണെന്ന് രമേശ് ചെന്നിത്തല

185

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിതെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് -ജെഡിഎസ് പാര്‍ട്ടികളെ പുറത്ത് നിര്‍ത്തിയാണ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പുള്ള ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ഗോവയും മണിപ്പൂരുമുള്‍പ്പെടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു.കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കര്‍ണാടകയില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോള്‍ മുന്‍നിലപാട് വിഴുങ്ങുകയാണ്. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിത്. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്.ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ എം എല്‍ എ മാരുള്ള മുന്നണിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമെന്നുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ട്വീറ്റ് ഇവിടെ ചേര്‍ക്കുന്നു. ഈ നിയമം എന്ത് കൊണ്ട് കര്‍ണാടകയില്‍ പാലിക്കപ്പെടുന്നില്ല? ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണം.

NO COMMENTS