ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് ‘ ശ്രീധരന്‍പിള്ള ‘

157

തൃശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക ആയിട്ടില്ല. ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള നിര്‍ദ്ദേശം കേന്ദ്രത്തിലേക്ക് അയച്ചിട്ടുളളതായും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രസമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു .

ആത്മവിശ്വാസത്തോടെ എന്‍.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണെന്നും ആത്മവിശ്വാസം ചോര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ശ്രീധരന്‍പിളള പറഞ്ഞു . നടനും എം.പി യുമായ സുരേഷ് ഗോപിയുടെ പേര് തിരുവനന്തപുരത്തിനു പുറമേ കൊല്ലത്തും പറയുന്നുണ്ടെങ്കിലും ബി.ഡി.ജെ.എസിനു നല്‍കുന്ന സീറ്റുകളിലൊന്ന് കൊല്ലം ആകാനിടയുള്ളതുകൊണ്ട് ഇതിനു സാദ്ധ്യത വിരളം. സംവരണ മണ്ഡലങ്ങളായ മാവേലിക്കരയിലും ആലത്തൂരും ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബുവിന്റെ പേര് സജീവമാണ്. ഈ സീറ്റുകള്‍ ബി.ജെ.പി ഏറ്റെടുത്താല്‍ മാവേലിക്കരയില്‍ പി. സുധീര്‍,​ ആലത്തൂരില്‍ പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട് എന്നിവരിലാരെങ്കിലും വന്നേക്കാം.

ആറ്റിങ്ങലില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെ പേരിനൊപ്പം ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. കാസര്‍കോട്ടും കൃഷ്ണദാസിന്റെ പേരുള്‍പ്പെടുത്തിയതായാണ് വിവരം. സി.കെ. പത്മനാഭന്റെ പേര് കൊല്ലത്തും കാസര്‍കോട്ടുമുണ്ട്.​ശബരിമല വിഷയത്തില്‍ പ്രതീക്ഷിക്കുന്ന വിശ്വാസി വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ ശശി തരൂരിനെ പിടിച്ചുകെട്ടാന്‍ കെ. സുരേന്ദ്രനെപ്പോലെ മറ്റൊരാളില്ലെന്നാണ് കരുതുന്നത്. അതേസമയം,​ തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പുറമേ കെ. സുരേന്ദ്രന്റെ പേര് തൃശൂരിലും കോഴിക്കോട്ടും കാസര്‍കോട്ടും സാദ്ധ്യതാ പട്ടികയില്‍ പ്രചരിക്കുന്നു.

NO COMMENTS