സുഭിക്ഷ കേരളം പദ്ധതി: ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും കൃഷി

64

കാസറഗോഡ് : സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ ലഭ്യമാകുന്ന മുഴുവന്‍ ഭൂമിയും കൃഷി ചെയ്യാന്‍ തയ്യാറാക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി.സജിത്ബാബു പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഏക്കര്‍ കൃഷി ചെയ്യുക എന്നതല്ല ലക്ഷ്യം. മറിച്ച് പഞ്ചായത്തിലും മുന്‍സിപാലിറ്റിയിലും മുഴുവന്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം. പുതിയ ഭൂമിയില്‍ പുതിയ കര്‍ഷക സമൂഹം ആണ് സുഭിക്ഷ കേരളം നടപ്പിലാകേണ്ടത്.

സാമ്പ്രദായിക കൃഷിരീതിയും കര്‍ഷകരും ഇടങ്ങളും തുടരട്ടെ- കളക്ടര്‍ പറഞ്ഞു. ഇനി മുതല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വകുപ്പുകളുടെ പേരോ മറ്റോ പരാമര്‍ശിക്കേണ്ടതില്ലെന്നും സുഭിക്ഷ കേരളം എന്ന ബ്രാന്‍ഡില്‍ മാത്രമേ പാടുള്ളുവെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ തരിശ് ഭൂമിയിലും അനുയോജ്യമായ കൃഷി ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടേയും വകുപ്പുകളുടേയും മിഷനുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ തല കോര്‍കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടറാണ് ചെയര്‍മാന്‍. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ കണ്‍വീനറാണ്. ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ജില്ലാ തല മേധാവികളാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍.

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതി തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ തരിശുഭൂമി കണ്ടെത്തുന്നതിനായി ഓരോ വാര്‍ഡിലും സര്‍വേ നടത്തിവരികയാണ്. സുഭിക്ഷ കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനാലാണ് ഇത് അപ് ലോഡ് ചെയ്യുന്നത്. വാര്‍ഡ് തലത്തില്‍ മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. യുവജനങ്ങള്‍ കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി മേറ്റ് മാര്‍ എന്നിവരുടെ സേവനം സര്‍വ്വേക്കായി പ്രയോജനപ്പെടുത്തുന്നു ജില്ലാ തലത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല എ ഡി സി (ജനറല്‍) നിര്‍വഹിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തിലും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. പഞ്ചായത്ത്, മുന്‍സിപ്പല്‍ പ്രസിഡന്റുമാര്‍ മെമ്പര്‍മാര്‍, സെക്രട്ടറി കൃഷി ഓഫീസര്‍ വി ഇ ഒ, ക്ഷീര വികസന , മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് മോണിറ്ററിംഗ് കമ്മിറ്റി. തരിശ് ഭൂമിയില്‍ കൃഷി നടത്തുന്നതിനായി ചുരുങ്ങിയത് ഏഴുപേര്‍ അടങ്ങുന്ന സുഭിക്ഷ കേരളം ഗ്രൂപ്പുകള്‍ രൂപീകരിക്കണം. യുവജനങ്ങള്‍, കോവിഡ് 19 കാരണം സംസ്ഥാനത്ത് തിരിച്ചെത്തിയവര്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍ ഉള്‍പെട്ടവര്‍, കുടുംബനാഥ എന്നിവരുടെ പ്രാതിനിധ്യം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം കുറഞ്ഞത് 25 സെന്റിലെങ്കിലും ഒരു ഗ്രൂപ്പ് കൃഷി ചെയ്യണം.

സുഭിക്ഷ കേരളം ഗ്രൂപ്പുകള്‍ക്കുള്ള മൂലധനം ഉറപ്പു വരുത്തുന്നതിനായി വാണിജ്യ ബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ സൊസൈറ്റികള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ യോഗം പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തില്‍ വിളിച്ചു ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും. ജില്ലാതലത്തില്‍ ഏകോപന ചുമതല സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കായിരിക്കും. കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉറപ്പു വരുത്തണം തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് കൃഷി വകുപ്പ് സബ് സിഡി സഹകരണ ബാങ്കുകളുട കോമണ്‍ ഗുഡ് ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി കര്‍ഷകരകപ്പുകള്‍ക്ക് ഒറ്റത്തവണ ഗ്രാന്റ് സ്വരൂപിക്കണം.

സുഭിക്ഷ ഗ്രൂപ്പുകള്‍ക്കുള്ള വായ്പാ പദ്ധതി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍ അവതരിപ്പിച്ചു ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തല യോഗങ്ങളില്‍ പദ്ധതികള്‍ വിശദീകരിക്കാന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊട് ജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ ഡി ഡി പി സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാര്‍ എഡി സി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സേവനം പ്രയോജനപ്പെടുത്തും.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിലമൊരുക്കാന്‍ നടപടി സ്വീകരിക്കും.ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് കോഴിഫാം ഇറച്ചി കോഴിവളര്‍ത്തല്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയുടെ പദ്ധതി കേരള ചിക്കന്‍ അഡ്മിനിസ്‌റേറ്റീവ് ഓഫീസര്‍ സന്തോഷ് അവതരിപ്പിച്ചു.

NO COMMENTS