വിതരണ കൗണ്ടറില്‍ പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മാത്രം

14

കാസറഗോഡ് : ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് /മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഡിസംബര്‍ 13ന് രാവിലെ 8 മണിക്ക് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണി വരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ.

മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, റൂട്ട് ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിതരണകേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകും. അതാത് റൂട്ട് ഓഫീസര്‍, കൗണ്ടര്‍ അസിസ്റ്റന്റ് എന്നിവരായിക്കും പോളിംഗ് സാധനസാമഗ്രികള്‍ അടങ്ങിയ ബാഗുകള്‍ വാഹനത്തില്‍ എത്തിക്കുന്നത്. ഇലക്ടോണിക് വോട്ടിംഗ് യന്ത്രം, പേപ്പര്‍ സീല്‍, സീലുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പ്രിസൈഡിംഗ് ഓഫീസര്‍/ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരാണ് നിശ്ചയിച്ച കൗണ്ടറില്‍ നിന്നും സ്വീകരിക്കേണ്ടത്.

റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസം, ഓരോ സമയത്തും രേഖപ്പെടുത്തിയ വോട്ടുകളുടെ ശതമാനം മുതലായവ സംസ്ഥാന തെരഞ്ഞെടുപ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും ലഭ്യമാക്കുന്നതിന് പോള്‍ മാനേജര്‍ ആപ്പ് സംവിധാനം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി

പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തിച്ചേരുന്നതിനായി കെ.എസ്.ആര്‍.ടി.സി വാഹന സൗകര്യം ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളിലുള്ള 121 വാഹനങ്ങള്‍ നിലവില്‍ ഉപയോഗിച്ചുവരുന്നു. പോളിംഗുമായി ബന്ധപ്പെട്ട് ബസ്, ജീപ്പ്, ട്രാവലര്‍ തുടങ്ങിയ ഇനത്തിലുള്ള 790 സ്വകാര്യ വാഹനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളും

ജില്ലയില്‍ ആകെ 84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകളും ഉണ്ട്. കൂടാതെ ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളും ഉണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 99 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബുത്തുകളില്‍ വെബ്കാസ്റ്റ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്.

NO COMMENTS