കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് അറസ്റ്റിൽ

40

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം വെങ്ങാനൂര്‍ വട്ടവള വീട്ടില്‍ രാജേഷ് എന്ന ഉടുമ്പ് രാജേഷ് (39) വേങ്ങര പൊലീസിന്‍റെ പിടിയിലായി. വേങ്ങര ഊരകത്ത് വീടിന്‍റെ വാതില്‍ കുത്തിപ്പൊളിച്ച്‌ നാലര പവന്‍ ആഭരണങ്ങളും 75,000 രൂപയും മോഷ്ടിച്ച കേസില്‍ വേങ്ങര ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

ജൂണ്‍ 26ന് അര്‍ധരാത്രിയാണ് കേസിനാസ്പദ സംഭവം. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്‌ 16 ദിവസത്തോളം വേങ്ങര, കൂരിയാട്, കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, കരിങ്കല്ലത്താണി എന്നിവിടങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് രാജേഷിനെ പിടികൂടിയത്.

മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈ.എസ്.പി അബ്ദുല്‍ ബഷീര്‍, ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്.ഐമാരായ എം. ഗിരീഷ്, രാധാകൃഷ്ണന്‍, മുജീബ് റഹ്മാന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജസീര്‍, സിറാജുദ്ദീന്‍, ദിനേഷ് ഇരുപ്പക്കണ്ടന്‍, സലീം പൂവത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി അമ്ബതോളം മോഷണക്കേസുകളില്‍ പ്രതിയായ രാജേഷ് നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

NO COMMENTS