കെ.ടി.ജലീലിന്റെ നയതന്ത്രപാസ്പോര്‍ട്ടിൽ തീരുമാനമായില്ല

166

ന്യൂഡൽഹി∙ സൗദി അറേബ്യയിൽ ജോലി നഷ്ടമായി കുടുങ്ങിയ തൊഴിലാളികൾക്കു സഹായമെത്തിക്കാൻ ഗൾഫിലേക്കു പുറപ്പെടാനിരുന്ന മന്ത്രി കെ.ടി.ജലീലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് വിഷയത്തില്‍ ഉന്നതതല രാഷ്ട്രീയ തീരുമാനമായില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം. സൗദി ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നയതന്ത്ര പാസ്പോർട്ടിന് അപേക്ഷിച്ചിരുന്നുവെങ്കിലും കാരണം വ്യക്തമാക്കാതെ അനുമതി നിഷേധിക്കുകയായിരുന്നു.

മന്ത്രിയും തദ്ദേശവകുപ്പു സെക്രട്ടറി വി.കെ.ബേബിയും ഇന്നു സൗദിയിലേക്കു തിരിക്കാനാണു തീരുമാനിച്ചിരുന്നത്. പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്നു വൈകിട്ടോടെ യാത്ര തിരിക്കാൻ കഴിഞ്ഞേക്കുമെന്നും മന്ത്രി വൈകിട്ടു പറഞ്ഞെങ്കിലും രാത്രിയോടെ അനുമതി നിഷേധിച്ച സന്ദേശമെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി അടിയന്തര ചർച്ച നടത്തിയെങ്കിലും യാത്രയെക്കുറിച്ചു തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.

ലേബർ ക്യാംപുകളിൽ ഔദ്യോഗികമായി സന്ദർശനം നടത്താൻ അനുമതി ലഭിക്കില്ലെങ്കിലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ക്യാംപുകളിൽ അനൗദ്യോഗികമായെങ്കിലും തൊഴിലാളികളെ കാണാൻ ശ്രമിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിനു പരിമിതികളുണ്ടെങ്കിലും കഴിയുന്ന എല്ലാ സഹായങ്ങളും നൽകാനാണു ശ്രമം. സൗദിയിലെ ഇന്ത്യൻ എംബസിയിലേക്കു രേഖകൾ അയച്ചിട്ടുണ്ടെന്നാണു വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

NO COMMENTS

LEAVE A REPLY