നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തില്‍ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി.

189

ദില്ലി: ദില്ലിയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. നിര്‍മല സീതാരാമന്‍, പ്രകാശ് ജാവദേകര്‍, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിംഗ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, അ‍ജുന്‍ മേഖ്‍വാള്‍ എന്നിവര്‍ മന്ത്രിമാരായി തുടരുമെന്ന് തീരുമാനമായി. രാഹുലിനെ തട്ടകത്തില്‍ തറ പറ്റിച്ച സ്മൃതി ഇറാനിക്കും മികച്ച വകുപ്പ് കിട്ടും. അമിത് ഷാ മന്ത്രിസഭയിലേക്കില്ല. ബിജെപി ദേശീയ അധ്യക്ഷനായി തുടരും.

അതേസമയം, പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദി മുന്‍ ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയെ കണ്ടു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അരുണ്‍ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയത്. തല്‍ക്കാലം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. തല്‍ക്കാലം ജയ്‍റ്റ്‍ലി മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഒരു നല്ല വകുപ്പ് നല്‍കുകയും ചെയ്യാമെന്നാകും മോദി ജയ്‍റ്റ്‍ലിക്ക് മുന്നില്‍ വയ്ക്കുന്ന വാഗ്ദാനം. മന്ത്രിസഭയില്‍ തുടരണം എന്നാവശ്യപ്പെട്ട് പീയുഷ് ഗോയലും അരുണ്‍ ജെയ്റ്റ്ലിയെ കണ്ടു. എന്നാല്‍ ജെയ്റ്റ്‍ലിയുടെ തീരുമാനം എന്താണെന്ന സൂചനകള്‍ പുറത്തുവന്നിട്ടില്ല.

നേരത്തേ പുതിയ സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജയ്‍റ്റ്‍ലി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. ഇത്തവണ പുതിയ സര്‍ക്കാരില്‍ തല്‍ക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുണ്‍ ജയ്‍റ്റ്‍ലി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സര്‍ക്കാരില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അരുണ്‍ ജയ്‍റ്റ്‍ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം മോദിയെ മുന്‍ ആഭ്യന്തര മന്ത്രിയായ രാജ്‍നാഥ് സിംഗ് കണ്ടിരുന്നു. രാത്രി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അമിത് ഷായുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. നിയുക്ത മന്ത്രിമാരില്‍ ചിലരെ ഇന്നലെ രാത്രി തന്നെ മന്ത്രിമാരായി തുടരുമെന്ന വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നിയുക്ത മന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

NO COMMENTS