ശബരിമല വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും അപകടകരമായ കളികളിക്കുന്നുവെന്ന് നരേന്ദ്രമോദി

143

ചെന്നൈ: ശബരിമല വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും അപകടകരമായ കളികളിക്കുന്നുവെന്നും നമ്മുടെ സംസ്കാരം തകർത്തു കളയാൻ ബിജെപി അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

നിങ്ങൾ കോൺഗ്രസ്സിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കിൽ അത് ശുഷ്കമായ വികസനത്തിനുള്ള വോട്ടാണ്. അവർക്ക് വോട്ട് ചെയ്യുക എന്നാൽ തീവ്രവാദികളെ അഴിച്ചു വിടുക എന്നാണ്. അവർക്ക് വോട്ട് ചെയ്യുക എന്നാൽ രാഷ്ട്രീയത്തിലെ കുറ്റവാളികൾക്ക് വോട്ട് ചെയ്യുക എന്നാണ്, പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ തേനിയിലും രാമനാഥപുരത്തുമായിരുന്നു മോദി പ്രചാരണത്തിനിറങ്ങിയത്.

1984ലെ സിഖ് കലാപത്തിലെ ഇരകൾക്ക് ആരാണ് നീതിയും ന്യായവും നൽകുകയെന്ന് താൻ കോൺഗ്രസ്സിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചത്.

ആരാണ് 1984ലെ സിഖ് കലാപത്തിലെ ഇരകൾക്ക് ന്യായം നൽകുന്നത്. അവർ കൊണ്ടു കൊണ്ടിരിക്കെ നടന്ന ദളിത് കൂട്ടക്കൊലകൾക്കും കോൺഗ്രസ്സ് ഭരണത്തിനു കീഴിൽ സംഭവിച്ച ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്കും ആർക്കാണ് ന്യായം നടപ്പിലാക്കാൻ കഴിയുക , മോദി ചോദിച്ചു.

ഇനി ന്യായം നടപ്പിലാവുമെന്നാണ് കോൺഗ്രസ്സ് പറയുന്നത്. അതിനർഥം ഇതുവരെ അവർ ചെയ്തതെല്ലാം അന്യായമായിരുന്നില്ലേ എന്നും മോദി ചോദിച്ചു.എപ്പോഴൊക്കെ കോൺഗ്രസ്സ് ഭരണത്തിൽ വന്നപ്പോഴും അപ്പോഴൊക്കെ അവർ ഖജനാവ് കൊള്ളയടിച്ചെന്നും മോദി കുറ്റപ്പെടുത്തി.

NO COMMENTS