സ്ഥാനം ഒഴിയുന്ന പ്രസിഡന്റിന‌് ആരെങ്കിലും പണം നല്‍കുമോ? ജനമോചന യാത്രയില്‍ പിരിച്ച തുക സംബന്ധിച്ച‌് എം എം ഹസ്സന്‍ കെപിസിസിയില്‍ വച്ച കണക്ക് വിവാദത്തില്‍.

149

തിരുവനന്തപുരം: ഏഴ‌് കോടി രൂപ പിരിഞ്ഞുകിട്ടിയെന്നും മൂന്നരക്കോടി ഡിസിസികള്‍ക്ക‌് നല്‍കിയെന്നുമാണ‌് യാത്ര കഴിഞ്ഞയുടന്‍ ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ ഹസ്സന്‍ കണക്ക‌് അവതരിപ്പിച്ചത‌്. നെറ്റിചുളിച്ച കെപിസിസി ഭാരവാഹികളോട‌് ‘സ്ഥാനം ഒഴിയുന്ന പ്രസിഡന്റിന‌് ആരെങ്കിലും പണം നല്‍കുമോ’ എന്നായിരുന്നു ഹസ്സന്റെ ചോദ്യം.

ഒരു ബൂത്തില്‍ നിന്ന‌് പതിനായിരം രൂപയെന്ന കണക്കില്‍ 24 കോടി രൂപ പിരിക്കാനായിരുന്നു അന്ന‌് തീരുമാനിച്ചത‌്. എല്ലാ ബൂത്തുകളും ക്വോട്ട തികച്ചില്ലെങ്കിലും 14 കോടിയോളം രൂപ പിരിഞ്ഞുകിട്ടിയിരിക്കാം എന്ന‌് കോണ്‍ഗ്രസ‌് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹൈക്കമാന്‍ഡിന്റെ ഖജനാവ‌് കാലിയായതിനാല്‍ കുറെ പണം അവര്‍ക്ക‌് നല്‍കിയെന്നും അന്ന‌് കെപിസിസി പ്രസിഡന്റായിരുന്ന എം എം ഹസ്സന്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഹസ്സന്റെ കാലത്ത‌് ഒരു രൂപ പോലും ഹൈക്കമാന്‍ഡിന‌് നല്‍കിയില്ലത്രേ. അതിന‌് മുമ്ബ‌് വി എം സുധീരന്‍ അധ്യക്ഷനായിരുന്നപ്പോള്‍ രണ്ട‌് തവണ ഓരോ കോടി രൂപ വീതം ഹൈക്കമാന്‍ഡിന‌് നല്‍കിയതായി കെപിസിസിയില്‍ കണക്കുണ്ട‌്. ഹസ്സന്റെ യാത്രയില്‍ പിരിച്ച തുക തര്‍ക്കത്തിലായതോടെ തെരഞ്ഞെടുപ്പ‌് ഫണ്ട‌് പിരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്രയോടും പ്രവര്‍ത്തകര്‍ മുഖം തിരിച്ചു. മുല്ലപ്പള്ളിയുടെ അന്ത്യശാസനത്തിനും ഭീഷണിക്കും പ്രവര്‍ത്തകര്‍ പുല്ലുവിലയാണ‌്കല്‍പ്പിച്ചിരിക്കുന്നത‌്. കണ്ണൂര്‍, കാസര്‍കോട‌്, കോഴിക്കോട‌് എന്നിവിടങ്ങളില്‍ നിന്ന‌് നിശ‌്ചയിച്ച തുകയുടെ നാലിലൊന്നുപോലും കിട്ടിയില്ല.

ഫണ്ട‌് നല്‍കാത്ത മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുകയും മറ്റുള്ളവയെ പിരിച്ചുവിടുമെന്ന‌് ഭീഷണിപ്പെടുത്തുകയും ചെയ‌്തിട്ടും പ്രവര്‍ത്തകര്‍ക്ക‌് കുലുക്കമില്ല. കമ്മിറ്റികള്‍ പിരിച്ചുവിട്ടതിനെ പരസ്യമായി ചോദ്യംചെയ്ത‌് ഡിസിസികള്‍ രംഗത്തുവന്നിട്ടുണ്ട‌്. പത്തുമാസത്തിനിടെ മൂന്നാം തവണയാണ‌് ഫണ്ട‌് പിരിക്കുന്നതെന്ന‌ാണ‌് ബൂത്തുകാരുടെ പരാതി. കെപിസിസി പ്രസിഡന്റ‌് മാറുന്ന മുറയ‌്ക്ക‌് ജാഥയുമായി ഇറങ്ങുന്നതിന‌് തങ്ങളെന്തു പിഴച്ചെന്നാണ‌് അവരുടെ ചോദ്യം.

‘ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും കുത്തുവാക്കും പരിഹാസവും അവഗണനയും സഹിച്ച‌് ജാഥ മുന്നേറുകയാണ‌്. യാത്ര തിരുവനന്തപുരത്ത‌് എത്തുമ്ബോള്‍ എത്ര മണ്ഡലം കമ്മിറ്റികള്‍ ബാക്കിയുണ്ടാകുമെന്ന‌ കാര്യം കണ്ടറിയണം’–ഒരു കെപിസിസി ഭാരവാഹി പറഞ്ഞു.അതിനിടെ മണ്ഡലം കമ്മിറ്റികളുടെയും ഡിസിസികളുടെയും പ്രതിഷേധം കനത്തതോടെ ഫണ്ട‌് നല്‍കാത്ത കമ്മിറ്റികള്‍ പിരിച്ചുവിടുന്നത‌് നിര്‍ത്തിയിട്ടുണ്ട‌്.

NO COMMENTS