പാറ്റൂര്‍ കേസിലെ ഹൈക്കോടതി വിധി സര്‍ക്കാരിന് ലഭിച്ച തിരിച്ചടിയാണെന്ന് എം.എം.ഹസന്‍

204

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പാറ്റൂര്‍ കേസിലെ ഹൈക്കോടതി വിധിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍.
പാറ്റൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയും ലോകായുക്തയും വ്യക്തമാക്കിയിട്ടും ഇടതു സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടു പോകുകയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഇതിന് ചട്ടുകമായി ഉപയോഗിച്ചു. ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഫലത്തില്‍ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം തന്നെയാണ്. അതേ ജേക്കബ് തോമസ് ഇപ്പോള്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. ജേക്കബ് തോമസിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി നില്‍ക്കുകയാണ്. ചട്ടുകങ്ങള്‍ തിരിഞ്ഞു കൊത്തുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു.

സോളാര്‍ ഉള്‍പ്പെടെയുള്ള മറ്റു ചില കേസുകളില്‍ ഉമ്മന്‍ചാണ്ടിയേയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളെയും കുടുക്കാന്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുന്ന രീതിയാണിത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണം.
അരനൂറ്റാണ്ടിലധികം സംശുദ്ധ രാഷ്ട്രീയം നയിക്കുന്ന ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് നേതാക്കളേയും രാഷ്ട്രീയമായി നേരിടാനുള്ള ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഇടതുസര്‍ക്കാര്‍ വളഞ്ഞ വഴിയില്‍ വക്രബുദ്ധി ഉപയോഗിച്ച് നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.

NO COMMENTS