കോവിഡ്: നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

16

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയ ശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭ കത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് വൈകുന്നേരം 5.30ന് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങൾക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത-പേൾ, രണ്ടുകോടി വരെയുള്ള സംരംഭങ്ങൾക്കായി കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസിഭദ്രത- മെഗാ എന്നീ പദ്ധതികളാണ് യാഥാർഥ്യമാവുന്നത്. കുടുംബശ്രീ ജില്ലാ മിഷനുകൾ വഴിയാണ് സൂക്ഷ്മ സംരംഭങ്ങൾക്കുള്ള പേൾ പലിശരഹിത സംരംഭകത്വ വായ്പയും പിന്തുണസഹായങ്ങളും നൽകുന്നത്.

കെ.എസ്.ഐ.ഡി.സി മുഖേനെ നടപ്പാക്കുന്ന പ്രവാസി ഭദ്രത- മെഗാ പദ്ധതിയിൽ ഒരു സംരംഭത്തിന് 25 ലക്ഷം മുതൽ രണ്ടു കോടി രൂപവരെയാണ് വായ്പ. ആദ്യത്തെ നാലുവർഷം അഞ്ചു ശതമാനം മാത്രം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ബാക്കി പലിശ നോർക്ക സബ്സിഡി അനുവദിക്കും. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തും.

കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും.

NO COMMENTS