കാസര്‍കോട് അതിജീവനത്തിലേക്ക് – 18 പേർ ആശുപത്രി വിട്ടു – 23പേർ രോഗവിമുക്തരായി –

86

കാസര്‍കോട്: രാജ്യത്തെ പ്രധാന കോവിഡ് ബാധിത പ്രദേശമായ കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച രോഗമുക്തി നേടി 18 പേരാണ് ആശുപത്രി വിട്ടത്.സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ ജില്ലാ അധികൃതരും ആരോഗ്യപ്രവര്‍ത്തകരും പൊലീസും നടത്തിയ അശ്രാന്ത പരിശ്രമത്തില്‍ കാസര്‍കോട് അതിജീവനത്തിലേക്കാണ് ചുവടുവയ്ക്കുന്നത്.

ഇതുവരെ 23പേരാണ് രോഗവിമുക്തരായത്. ഇവരില്‍ കൂടുതലും ദുബായില്‍നിന്നെത്തിയവരാണ്. ഒമ്ബതു പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്ന് പത്തുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്ന് മൂന്നു പേരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് എട്ടു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് രണ്ടു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. വെള്ളിയാഴ്ച ജനറല്‍ ആശുപത്രിയില്‍നിന്ന് ആറും പരിയാരത്തുനിന്ന് ആറും ജില്ലാ ആശുപത്രിയില്‍നിന്ന് മൂന്നും പേരെ ഡിസ്ചാര്‍ജ്ചെയ്തു. ഇവരൊക്കയും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.

കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവ കോവിഡ് കേന്ദ്രങ്ങളാക്കി. ജില്ലയില്‍ 962 ബെഡുകളും സജ്ജമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 27 അംഗ മെഡിക്കല്‍ സംഘം കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സേവനത്തിനെത്തിയത് കൂടുതല്‍ സഹായകമായി. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച്‌ കരുതലോടെ സര്‍ക്കാരും ജില്ലാ അധികൃതരും ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത് ജില്ലക്ക് ആശ്വാസമായി.

വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് ജില്ലയില്‍ ആദ്യം കോവിഡ്–- 19 സ്ഥിരീകരിച്ചത്. ഫെബ്രുവരി മൂന്നിനായിരുന്നു ഇത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് വിദ്യാര്‍ഥി രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച്‌ 14ന് ദുബായില്‍നിന്നെത്തിയ കളനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുകള്‍ക്കും സമ്ബര്‍ക്കത്തിലുടെ രോഗം പകര്‍ന്നു. വെള്ളിയാഴ്ച രോഗമുക്തരായവരില്‍ ഇയാളും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച ഗര്‍ഭിണിയായ യുവതിയും രണ്ടു വയസ്സുകാരനായ മകനും ഉള്‍പ്പെടുന്നു. ഇവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. ഗര്‍ഭിണിയായ മറ്റൊരു യുവതി പ്രവസസമയം അടുത്തതിനാല്‍ ആശുപത്രി വിട്ടിട്ടില്ല.

ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ 160 പേര്‍ക്കാണ് രോഗം ബാധിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ കാസര്‍കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യാശുപത്രികളിലും കൂടുതല്‍ ബെഡുകളും സൗകര്യങ്ങളും ഒരുക്കി ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി. സമൂഹവ്യാപനം തടയാന്‍ ജില്ലയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 1500 പൊലീസുകാരെ വിന്യസിച്ചു. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശനനടപടിയുടെ ഭാഗമായി രോഗബാധിതര്‍ കൂടുതലുള്ള കാസര്‍കോട് നഗരസഭയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലും ഡബിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കി.

നിലവില്‍ കോവിഡ് ബാധിതരായ 140 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ വി രാംദാസ് പറഞ്ഞു.

NO COMMENTS