ഐപിഎല്‍ ; രാജസ്ഥാന്‍ റോയല്‍സിന് 177 റണ്‍സ് വിജയലക്ഷ്യം

379

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 177 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 176 റണ്‍സ് എടുത്തു. സുരേഷ് റെയ്‍ന, ഷെയിന്‍ വാട്സണ്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 176 റണ്‍സാണ് ചെന്നൈ നേടിയത്. നാലാം വിക്കറ്റില്‍ എംഎസ് ധോണി-സാം ബില്ലിംഗ്സ് കൂട്ടുകെട്ട് 55 റണ്‍സ് നേടി. മൂന്നാം ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ അമ്ബാട്ടി റായിഡുവിനെ പുറത്താക്കി(12) രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും റെയ്‍ന-വാട്സണ്‍ കൂട്ടുകെട്ട് ചെന്നെയൈ സുരക്ഷിത തീരങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 86 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്.

സുരേഷ് റെയ്‍ന അര്‍ദ്ധ ശതകം നേടി പുറത്തായപ്പോള്‍ 39 റണ്‍സായിരുന്നു ഷെയിന്‍ വാട്സണിന്റെ സംഭാവന. 35 പന്തില്‍ നിന്നാണ് റെയ്‍ന തന്റെ 52 റണ്‍സ് നേടിയത്. 6 ബൗണ്ടറിയും ഒരു സിക്സുമാണ് താരത്തിന്റെ സംഭാവന. അവസാന ഓവറില്‍ ബെന്‍ സ്റ്റോക്സിനെതിരെ തുടരെ രണ്ട് ബൗണ്ടറികള്‍ നേടി സാം ബില്ലിംഗ്സും ഫോമിലേക്ക് ഉയര്‍ന്നു. ഓവറില്‍ 12 റണ്‍സാണ് ചെന്നൈ നേടിയത്. ധോണി-ബില്ലിംഗ്സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 177 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാനു മുന്നില്‍ ചെന്നൈ വെച്ചത്. സാം ബില്ലിംഗ്സ് 22 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ ധോണി 23 പന്തില്‍ പുറത്താകാതെ 33 റണ്‍സുമായി ക്രീസില്‍ നിന്നു. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടും ഇഷ് സോധി ഒരു വിക്കറ്റും നേടി.

NO COMMENTS