മാഷിലെ മികച്ച മാഷിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി

15

കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണസംവിധാനം നടപ്പാക്കിയ മാഷ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു അറിയിച്ചു. ഐ ഇ സി ജില്ലാതല ഏകോപനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഇന്ന് മുതല്‍ (ഒക്ടോബര്‍ ഒന്ന് )നിയോഗിക്കപ്പെട്ട വാര്‍ഡില്‍ തുടര്‍ച്ചയായി 14 ദിവസം കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാവുകയും പിന്നീടുള്ള 14 ദിവസം രോഗികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അധ്യാപകര്‍ക്ക് 10 മാര്‍ക്ക് ലഭിക്കും ഇങ്ങനെ 100 മാര്‍ക്ക് ലഭിക്കുന്ന വാര്‍ഡുകളിലെ അധ്യാപകരെയാണ് ഗുഡ്‌സര്‍വ്വീസ് എന്‍ട്രിയ്ക്ക് പരിഗണിക്കുക. ഇതിനായി ഓരോ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

800 ല്‍ നിന്ന് 1600 ലേക്ക്

നിലവില്‍ ജില്ലയിലെ മാഷ് പദ്ധതിയില്‍ 800 അധ്യാപകരാണുള്ളത്. ഇത് 1600 ആക്കും. ഓരോ വാര്‍ഡിലും രണ്ട് അധ്യാപകരെ ചുമതലപ്പെടുത്തും. ബാക്കിയുള്ള അധ്യാപകരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മാഷ് പദ്ധതി മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നത് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്തുന്നതിന് സഹായകരമായിട്ടുണ്ടന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു,

കേരളത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണെന്ന ബോധവത്കരണം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കും. കോവിഡ് 19 നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് കളി സ്ഥലങ്ങളിലും കടകളിലും മാഷ് പദ്ധതിയിലെ അധ്യാപകര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.

യോഗത്തില്‍ എഡിഎം എന്‍ ദേവിദാസ്, ഐ ഇ സി കണ്‍വീനര്‍ എം മധുസൂദനന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയാന്‍, മാഷ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ദിലീപ്കുമാര്‍, കെ എസ് എസ് എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, മാഷ് കോ-ഓര്‍ഡിനേറ്റര്‍മാരായ വിദ്യാ പാലാട്ട്, കെ ജി മോഹനന്‍, ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ഐ സി ഡി എസ് ഹെഡ് അക്കൗണ്ടന്റ് രജീഷ് കൃഷ്ണന്‍ മറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനെ ആക്രമിച്ചയാള്‍ക്കെതിരെ കേസ്സെടുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ഭരണ സംവിധാനം ആവിഷ്‌കരിച്ച മാഷ് പദ്ധതി പ്രകാരം കോവിഡ് ബോധവത്കരണ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകനായ വിനോദ്കുമാറിനോട് മോശമായി പെരുമാറുകയുംദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരെ കേസ്സെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചീമേനി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനെന്‍സ് 2020 വകുപ്പ് അഞ്ച് പ്രകാരമായിരിക്കും മുഴക്കോം വടക്കന്‍ വീട്ടിലെ രാജീവിനെതിരെ കേസ്സെടുക്കുക.പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നിന്നിരുന്ന രാജീവനെ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം അധ്യാപകന്‍ വിശദീകരിക്കുമ്പോഴാണ്, അധ്യാപകനെതിരെ രാജീവന്‍ കൈയേറ്റ ശ്രമം നടത്തിയത്. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മാഷ് റേഡിയോ, മൈക്ക് പ്രചരണം; മടിക്കൈയിലെ മാഷ് ജോറാണ്

മടിക്കൈ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും അധ്യാപകര്‍ സജീവമായി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ രണ്ടും മറ്റ് വാര്‍ഡുകളില്‍ ഒന്നും വീതം അധ്യാപകരാണ് ബോധവത്ക്കരണത്തിനായി രംഗത്തിറങ്ങുന്നത്. ആളുകള്‍ കൂടുന്ന ഇടങ്ങളിലെല്ലാം അധ്യാപകരെത്തുന്നുണ്ട്. വളരെ മികച്ച ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് മാഷ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നടന്നു വരുന്നതെന്നും അതിന്റെ പ്രതിഫലനമാണ് പഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെന്നും പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ പറഞ്ഞു.

കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വാര്‍ഡുകളില്‍ മാഷ് പദ്ധതിയുടെ ഭാഗമായി രണ്ട് ആഴ്ച ഇടവേളയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട. മൂന്ന് വാര്‍ഡുകളുടെ പ്രധാന ഇടങ്ങളിലും മൈക്ക് ഉപയോഗിച്ച് ബോധവത്ക്കരണം നടത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി രൂപം നല്‍കിയ മാഷ് റേഡിയോയ്ക്ക് മികച്ച ജന പിന്‍തുണയാണ് ലഭിച്ചു വരുന്നത്.

14 വാര്‍ഡുകളിലും 250 പേരുള്ള പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി റേഡിയോ പരിപാടിയും മൊട്ടൂസ് എന്ന ബോധവത്ക്കരണ വീഡിയോയും ആളുകളിലേക്ക് എത്തിക്കുന്നു. ജില്ലാ തലത്തിലുള്ള കോവിഡ് വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍് നിന്നും അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളും പഞ്ചായത്ത് പരിധിയിലെ മറ്റ് ഉദ്യോഗസ്തരുടെ സന്ദേശങ്ങളും റേഡിയോ പരിപാടിയിലൂടെ ജനങ്ങളിലെത്തിക്കുന്നുണ്ട്. വൈകീട്ട് എട്ടിനാണ് റേഡിയോ പരിപാടി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പൊതു ജനങ്ങള്‍ക്ക് നല്‍കുന്നത്.

മാഷ് പദ്ധതി പ്രാവര്‍ത്തികമായതിന് ശേഷം പഞ്ചായത്തില്‍ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും മാസ്‌ക്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ സന്ദേശങ്ങളും കോവിഡ് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളുമെല്ലാം കൃത്യമായി ജനങ്ങളിലേക്കെത്തുന്നതിനാല്‍ എല്ലാ പേരും ജാഗ്രതയിലാണെന്നും മാഷ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകനായ കെ.വി രാജേഷ് പറഞ്ഞു.

NO COMMENTS