കേടായ മരങ്ങൾക്ക് ഇനി – ‘ആൻജിയോ പ്ലാസ്റ്റി’; പത്തു തരം മാമ്പഴവുമായി രാവണൻ മാവ്

174

തൃശൂർ : ശാസ്ത്ര മേളയുടെ രണ്ടാം ദിവസം നൂതന കൃഷിരീതിയുമായി വിദ്യാർത്ഥിനി. കേടായതും ഉണക്ക ഭീഷണി യുള്ളതു മായ മരങ്ങൾക്ക് ബ്രിഡ്ജ് ഗ്രാഫ്റ്റിങ് നടത്തി സംരക്ഷിക്കാമെന്നാണ് തൃശൂർ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻ എച്ച് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ജെ. ജോസ് അഭിപ്രായപ്പെടുന്നത്.

ഒരു മരമോ ചെടിയോ അതിന്റെ തൊലി കേടായി ഉണക്ക ഭീഷണി നേരിടുകയാണെങ്കിൽ ആ ഭാഗം ചെത്തിയെടുത്ത് അതേ മരത്തിന്റെ കൊമ്പ് അവിടെ ഒട്ടിച്ചു ചേർക്കും. തുടർന്ന് മെഴുക് തേച്ച് കൊമ്പ് കെട്ടി വയ്ക്കും. ഒരാഴ്ച ക്കുള്ളിൽ ഈ ഭാഗം ഉണക്കം മാറി പഴയ അവസ്ഥയിലെത്തുമെന്ന് ആദ്യ പറയുന്നു.

ശാസ്ത്രമേളയിലെ ആദ്യയുടെ മറ്റൊരു പരീക്ഷണമായ രാവണൻ മാവ് എന്നത് ഒരു മാവിൻ തൈയ്യിൽ പത്തു തരം മാവിൻതൈകൾ ഒട്ടിച്ചു ചേർത്ത് വളർത്തലാണ്. ഇത്തരത്തിൽ നിരവധി പരീക്ഷണങ്ങൾ ഈ മിടുക്കി നടത്തി വിജയിച്ചിട്ടുണ്ട്. ഒരു മാവിൽ നിന്ന് പത്തു തരം മാങ്ങകൾ എന്ന ആശയം തന്റെ കാർഷിക ഗുരുനാഥനായ പിതാവ് ആശാരിക്കാട് കുറ്റിയാനിക്കൽ ജോസിൽ നിന്നാണ് ലഭിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ ക്ലാസെടുക്കുന്ന ജോസും കുടുംബവും ആദ്യയുടെ കാർഷിക പരീക്ഷണങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകി വരുന്നു.

NO COMMENTS