നാഗ്പൂര്‍ ഏകദിനം : ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

317

നാഗ്പൂര്‍ : ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 43 പന്തുകള്‍ ബാക്കി നില്‍ക്കവെ മറികടന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ ( 109 പന്തില്‍ 125 റണ്‍സ് ) ബലത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. ഇതോടെ ഐ.സി.സി റാങ്കിംഗില്‍ സൗത്ത് ആഫ്രിക്കയെ പിന്നിലാക്കി വീണ്ടും ഇന്ത്യന്‍ ടീം ഒന്നാമതെത്തി. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 124ലെത്തിയപ്പോള്‍ 74 പന്തില്‍ 61 റണ്‍സെടുത്ത രഹാനയെ പാറ്റ് കുമ്മിന്‍സ് പുറത്താക്കി. ക്യാപ്ടന്‍ വിരാട് കോഹ്ലിയുമായി ചേര്‍ന്ന് രോഹിത് ശര്‍മ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ വിജയത്തിലേക്ക് 20 റണ്‍സ് അകലെ വച്ച്‌ രോഹിത് ശര്‍മയെ സാംപയുടെ പന്തില്‍ കോര്‍ട്ടര്‍ നൈല്‍ പിടിച്ച്‌ പുറത്താക്കി. അതേ ഓവറില്‍ തന്നെ 55 പന്തില്‍ 39 റണ്‍സെടുത്ത വിരാട് കോഹ്ലിയും മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ, ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (53)​,​ മാര്‍ക് സ്റ്റോയ്നിസ് (46)​,​ ട്രാവിസ് ഹെഡ് (42) ​എന്നിവരുടെ ബാറ്റിംഗാണ് ഓസ്ട്രേലിയക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്‌. ആദ്യ വിക്കറ്റില്‍ വാര്‍ണറും ആരോണ്‍ ഫിഞ്ചും (32)​ ചേര്‍ന്ന് 66റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫിഞ്ചിനെ പുറത്താക്കി പാണ്ഡ്യ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് കംഗാരുക്കള്‍ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് അവരെ പ്രതിരോധത്തിലാക്കിയത്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്നഹെഡ് – സ്റ്റോയ്നിസ് സഖ്യം ആസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 59 പന്തില്‍ നാലു ബൗണ്ടറികളോടെ 42 റണ്‍സെടുത്ത ഹെഡിനെ അക്ഷര്‍ പട്ടേലും 63 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത സ്റ്റോയ്നിസിനെ ബുംറയും പുറത്താക്കി. ക്യാപ്ടന്‍ സ്റ്റീവ് സ്മിത്തിനെ (16) കേദാര്‍ ജാദവും പീറ്റര്‍ ഹാന്‍ഡ്സ്കോംബിനെ (13) അക്ഷര്‍ പട്ടേലും പുറത്താക്കി. വാര്‍ണറിന്റെ വിക്കറ്റും പട്ടേലിനാണ്. ഏഴാം വിക്കറ്റില്‍ മാത്യു വെയ്ഡ്-ജയിംസ് ഫോക്നര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 27 റണ്‍സാണ് ആസ്ട്രേലിയയുടെ ഇന്നിംഗ്സ് ഈ സ്കോറിലെത്തിച്ചത്. വെയ്ഡ് 18 പന്തില്‍ ഒരു സിക്സറും ഉള്‍പ്പെടെ 20 റണ്‍സെടുത്തു. ഫോക്നര്‍ 17 പന്തില്‍ 12 റണ്‍സെടുത്തു.

NO COMMENTS