പാര്‍ലമെന്ററി പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ – കോൺഗ്രസ് വൈകുന്നു.

150

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന് അഭ്യൂഹങ്ങളുണ്ട്. തീരുമാനം നീണ്ടുപോകുമെന്നാണ് സൂചന. എന്നാല്‍, പാര്‍ലമെന്ററി പാര്‍ട്ടിനേതാവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരാനാവില്ല. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചെങ്കിലും പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ കഴിയാതെ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്.

പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവാകുക പതിവുമില്ല.സഭാസമ്മേളനം തുടങ്ങിയിരിക്കേ, പാര്‍ലമെന്ററി പാര്‍ട്ടിനേതാവിനെ നിശ്ചയിക്കുന്നതു നീട്ടിക്കൊണ്ടുപോവാനും കഴിയില്ല.പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായി വിളിച്ച പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തത് രാജ്യസഭയിലെ നേതാവ് ഗുലാം നബി ആസാദിനു പുറമേ, ലോക്‌സഭാംഗങ്ങളായ അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷുമായിരുന്നു. ചൗധരിയും കൊടിക്കുന്നിലുമാണ് മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങള്‍. ഇതിനുപുറമേ, ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ബി.ജെ.പി. വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കേ അവരോടു നേരിടാന്‍ പാകത്തിലുള്ള എം.പി.യെത്തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കേണ്ടിവരും. അതിനു നേതൃത്വപാടവത്തിനു പുറമേ, ഭാഷാപ്രാവീണ്യവും ഘടകമാണ്. എന്തായാലും ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ഇതുവരെയും മൗനം വെടിഞ്ഞിട്ടില്ലെന്നതാണ് കോണ്‍ഗ്രസിനുമുന്നിലെ വെല്ലുവിളി.

NO COMMENTS