75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

27

രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ആർഭാടങ്ങൾ ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

കേരള സായുധ പോലീസ് രണ്ടാം ബറ്റാലിയൻ പാലക്കാടിന്റെ കമാൻഡൻറ് ആർ. ആനന്ദായിരുന്നു പരേഡ് കമാൻഡർ. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് അസിസ്റ്റൻറ് കമാൻഡൻറ് അജി ചാൾസ് ആയിരുന്നു സെക്കൻറ് ഇൻ കമാൻഡ്.

ലളിതമായി നടന്ന ചടങ്ങിൽ സായുധ ഘടകങ്ങളായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, കേരള സായുധ പോലീസ് ഒന്നാം ബറ്റാലിയൻ, കേരള സായുധ പോലീസ് മൂന്നാം ബറ്റാലിയൻ, കേരള വനിത കമാന്റോസ്, തിരുവനന്തപുരം സിറ്റി പോലീസ് എന്നിവരും സായുധരല്ലാത്ത ഘടകങ്ങളായ എൻ.സി.സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ.സി.സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരും പങ്കെടുത്തു.

സ്പെഷ്യൽ ആംഡ് പോലീസ്, കേരള സായുധ പോലീസ് അഞ്ചാം ബറ്റാലിയൻ എന്നീ ബാൻറുകളും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റിൽ പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു. പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകിയശേഷം ക്ഷണിക്കപ്പെട്ട കോവിഡ് പോരാളികളുടെ അടുത്തെത്തി മുഖ്യമന്ത്രി അഭിവാദ്യം അർപ്പിച്ചു.

മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആൻറണി രാജു, മേയർ എസ്. ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്‌കുമാർ, ജില്ലാ കളക്ടർ ഡോ: നവ്ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ, ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS